Asianet News MalayalamAsianet News Malayalam

ദോഹ ചർച്ചകൾ ക്രിയാത്മകം എന്ന് ഇന്ത്യ; കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാൻ മണ്ണ് ഭീകരസംഘ‍‍ടനകൾ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും മറ്റുകാര്യങ്ങളെക്കുറിച്ച് 
ഒന്നും പറയാനില്ലെന്നുമായിരുന്നു അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം.

ministry of external affairs reacts carefully to questions about doha discussions with taliban
Author
Delhi, First Published Sep 2, 2021, 9:03 PM IST

ദില്ലി: ദോഹയിൽ താലിബാനുമായി നടത്തിയ ചർച്ച ക്രിയാത്മകമെന്ന് പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം. കാബൂളിലെ എംബസി തുറക്കാൻ ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ടു. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്നവർ തിരിച്ചെത്തുന്നത് തടയാൻ കേന്ദ്രം വിമാനത്താവളങ്ങളിൽ ജാഗ്രത നിർദ്ദേശം നല്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായപ്പോൾ ഇന്ത്യ ആദ്യം നാല് കോൺസുലേറ്റുകൾ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ നൽകിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പു നൽകുന്നു.

താലിബാനുമായി ഇനിയും ചർച്ചയുണ്ടാവുമോ എന്ന് ഇപ്പോൾ പറയുന്നില്ലെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു നല്ല പ്രതികരണമാണ് ചർച്ചയിൽ കിട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം ഇരുപക്ഷവും എടുത്തില്ല. താലിബാൻ ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഒഴിഞ്ഞു മാറിയുള്ള പ്രതികരണമാണ് വിദേശകാര്യവക്താവ് ഇന്ന് നൽകിയത്.

അഫ്ഗാനിസ്ഥാൻ മണ്ണ് ഭീകരസംഘ‍‍ടനകൾ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുത് എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്നും മറ്റുകാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു അരിന്ദം ബാഗ്ച്ചിയുടെ പ്രതികരണം.

താലിബാനെ ഇന്ത്യയിൽ ചിലർ ആഘോഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇതിനിടെ നടൻ നസറുദ്ദീൻ ഷാ രംഗത്തു വന്നു. കടുത്ത മൗലികവാദം പുലർത്തുന്ന സംഘടനയെ വെള്ളപൂശുന്നത് അപകടകരമെന്നും നസറുദ്ദീൻ ഷാ വിഡിയോ സന്ദേശത്തിൽ പറഞ്ഞു

ഇതിനിടെ അഫ്ഗാനിസ്ഥാനിൽ ഐഎസിൽ ചേർന്ന 25 ഇന്ത്യക്കാരിൽ ജീവിച്ചിരിക്കുന്നവർ മടങ്ങാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി. ഇവർ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാൻ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും ചെക്ക്പോസ്റ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം കേന്ദ്രം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios