45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചും ദീപിക സംസാരിക്കുന്നുണ്ടെന്നും ദി പ്രിന്റ് റിപ്പോർ‌ട്ട് ചെയ്യുന്നു.

ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സമരം ചെയ്ത് വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുകോണിന്‍റെ ആസിഡ് ആക്രമണത്തിൽ ഇരയായവരെക്കുറിച്ചുള്ള വീഡിയോ ഉപേക്ഷിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം. സ്കിൽ ഇന്ത്യയുടെ ഭാ​ഗമായി ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന വീഡിയോയാണ് കേന്ദ്രം ഉപേക്ഷിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിൽ ഇരയായവരെക്കുറിച്ചും സ്‌കിൽ ഇന്ത്യ പദ്ധതിയെ കുറിച്ചും ദീപിക പദുകോൺ സംസാരിക്കുന്നതാണ് പ്രൊമോഷൻ വീഡിയോ എന്ന് ദി പ്രിന്റ് റിപ്പോർ‌ട്ട് ചെയ്തു.

അതേസമയം, വീഡിയോ സംബന്ധിച്ച് ദീപികയുമായി ഔദ്യോഗിക കരാര്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. അത്തരം കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നത് ദേശീയ നൈപുണ്യ വികസന അതോറിറ്റിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. നൈപുണ്യ വികസന മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മീഡിയ ഹൗസുകള്‍ തങ്ങളെ ബന്ധപ്പെടാറുണ്ട്. ചിത്രത്തിന്റെ വിഷയം പ്രോത്സാഹിപ്പിക്കുന്നതിനായി ഛപാക്കിന്‍റെ പ്രൊഡക്ഷൻ ടീം മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതോടനുബന്ധിച്ച് വീഡിയോ വിലയിരുത്തുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതികരിച്ചു. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് 'ഛപാക്'. മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം പത്തിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് പ്രൊമോഷണൽ വീഡിയോ തയ്യാറാക്കിയത്.

Read More: ജെഎൻയു സമരത്തിന് പിന്തുണ അ‍ര്‍പ്പിച്ച് ദീപിക പദുകോൺ; സമരവേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു

45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചും ദീപിക സംസാരിക്കുന്നുണ്ടെന്നും ദി പ്രിന്റ് റിപ്പോർ‌ട്ട് ചെയ്യുന്നു. വീഡിയോ നിർമ്മിക്കുന്നതിന് മുമ്പ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുമായുള്ള കൂടിക്കാഴ്ചയ്ക്കും നൈപുണ്യ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു. ബുധനാഴ്ചയാണ് വീഡിയോ പുറത്തിറക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പ്രസ്താവനയിറക്കിയത്.

 Read More :ഛപാക് വെറുമൊരു സിനിമയല്ല, കാരണം വ്യക്തമാക്കി ഗുല്‍സാര്‍

ഞായറാഴ്ച വൈകീട്ടായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുകയാണ്. ഇതിനിടെയായിരുന്നു ദീപിക പദുകോൺ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മടങ്ങിയത്. ഛപാക്കിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ദില്ലിയിൽ എത്തിയതായിരുന്നു ദീപിക. ക്യാമ്പസിൽ നേരിട്ടെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരത്തിന്റെ ധൈര്യവും മനസ്സും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഛപാക് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രചരണം നടന്നിരുന്നു.