Asianet News MalayalamAsianet News Malayalam

ജെഎൻയു സമരത്തിന് പിന്തുണ അ‍ര്‍പ്പിച്ച് ദീപിക പദുകോൺ; സമരവേദിയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു

വൻ സംഘര്‍ഷം ഉണ്ടാവുകയും വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപികമാര്‍ക്കുമടക്കം മാരകമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ജെഎൻയുവിൽ ഒന്നുകൂടി ശക്തമായ സമരമാണ് ഇപ്പോൾ നടക്കുന്നത്

Deepika Padukone visits JNU marks her solidarity to protesters
Author
JNU, First Published Jan 7, 2020, 8:43 PM IST

ദില്ലി: കേന്ദ്രസ‍ര്‍ക്കാരിനും സര്‍വകലാശാല മാനേജ്മെന്റിനുമെതിരെ ശക്തമായ സമരം നടക്കുന്ന ജെഎൻയു ക്യാംപസിൽ ബോളിവുഡ് നടി ദീപിക പദുകോൺ എത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ദീപികയുടെ സന്ദ‍ര്‍ശനം. രാത്രി എട്ട് മണിയോടെയായിരുന്നു ദീപിക ജെഎൻയുവിൽ എത്തിയത്. സമരം നടക്കുന്ന സബ‍ര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്.

പിന്തുണയറിയിച്ച് എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക പദുകോൺ, വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

വൻ സംഘര്‍ഷം ഉണ്ടാവുകയും വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപികമാര്‍ക്കുമടക്കം മാരകമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ജെഎൻയുവിൽ ഒന്നുകൂടി ശക്തമായ സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രമുഖ ബോളിവുഡ് താരത്തിന്റെ സന്ദര്‍ശനം.

ജെഎൻയുവിൽ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പൂര്‍വ വിദ്യാര്‍ത്ഥികൾ ജെഎൻയുവിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പ്രധാന ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. യെച്ചൂരി അടക്കമുള്ളവര്‍ പങ്കെടുത്ത മാര്‍ച്ചിൽ നേതാക്കൾ സംസാരിച്ചപ്പോൾ തന്നെ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇത് സുരക്ഷയുടെ ഭാഗമാണെന്നായിരുന്നു വിശദീകരണം.

Follow Us:
Download App:
  • android
  • ios