Asianet News MalayalamAsianet News Malayalam

അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവാവ് തെളിവെടുപ്പിനിടെ ജീവനൊടുക്കി

കയ്യിൽ വിലങ്ങുകളോടെയാണ് ഇയാൾ കുളത്തിലേക്ക് ചാടിയത്. തെളിവെടുപ്പിന്റെ ഭാഗമായി യുവാവിനെ പുറത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്

minor girl gang rape in assam prime accused escapes police custody, dies after jumping into pond with cuffed hands
Author
First Published Aug 24, 2024, 10:12 AM IST | Last Updated Aug 24, 2024, 10:12 AM IST

നാഗോൺ: അസമിൽ ട്യൂഷൻ കഴിഞ്ഞ് പോയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവാവ് ജീവനൊടുക്കി. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട  തഫസുൽ ഇസ്ലാം കുളത്തിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. കയ്യിൽ വിലങ്ങുകളോടെയാണ് ഇയാൾ കുളത്തിലേക്ക് ചാടിയത്. തെളിവെടുപ്പിന്റെ ഭാഗമായി യുവാവിനെ പുറത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണം വലിയ രീതിയിലുള്ള പ്രതിഷേധനത്തിന് അസമിൽ കാരണമായിരുന്നു. 

ഇതിനിടയിലാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നപ്പെടുന്നയാൾ ജീവനൊടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് 14കാരി ക്രൂര ബലാത്സംഗത്തിനിരയായതായി ആരോപണം ഉയർന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം തെരുവിൽ ഉപേക്ഷിച്ച പെൺകുട്ടിയ പരിക്കുകളോടെ നാട്ടുകാരാണ് കണ്ടെത്തിയത്. മൂന്ന് പേർ ചേർന്നാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുലർച്ചെ 3.30ഓടെ സീൻ റീക്രിയേഷൻ ചെയ്യുന്നതിനിടയിലാണ് അറസ്റ്റിലായ യുവാവ് കൈവിലങ്ങോടെ കുളത്തിൽ ചാടിയത്. 

ആരോപണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നേരത്തെ  വിശദമാക്കിയിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെയാണ് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അസമിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പ്രതികളിൽ ഒരാളായ തഫസുൽ ഇസ്ലാമിനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ കൊൽക്കത്തയിലേതു പോലെ ശക്തമായ പ്രതിഷേധമാണ് അസമിൽ നടക്കുന്നത്. വിദ്യാർത്ഥി സംഘടനകൾ ഇന്ന് നഗോൺ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും പ്രതിഷേധറാലികൾ നടന്നു. മനുഷ്യ രാശിക്കെതിരെ നടന്ന കുറ്റകൃത്യം എന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംഭവത്തോട് പ്രതികരിച്ചത്. ഒപ്പം എത്രയും വേഗം പ്രതികളെ കണ്ടെത്തി നടപടി എടുക്കാൻ മുഖ്യമന്ത്രി അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios