ദില്ലി: പ്രധാനമന്ത്രിക്ക് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷം സുരക്ഷിതമാണെന്നും ബി ജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചപ്പോഴാണ് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയത്. തന്‍റെ 
മുന്‍ഗാമികളേക്കാള്‍ ജനാധിപത്യവാദിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി അധികാരത്തിലേറിയതിന് ശേഷം ഏതെങ്കിലും ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നതോ, ചര്‍ച്ച് കത്തിക്കപ്പെടുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു.

കണ്ണന്താനത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നാം മോദി സര്‍ക്കാറില്‍ കേന്ദ്ര മന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് രണ്ടാമൂഴത്തില്‍ അവസരം ലഭിച്ചില്ല.