ചെന്നൈ:  ബ്രഹ്മോസ് മിസൈലിന്‍റെതെന്ന്  സംശയിക്കുന്ന അവശിഷ്ടങ്ങള്‍ തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് കണ്ടെത്തി. രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്യൂ ബ്രാഞ്ച് പൊലീസാണ് മിസൈലിന്‍റെ ഭാഗങ്ങള്‍ കരയില്‍ എത്തിച്ചു.

മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ വീണതാകാമെന്നാണ് സംശയം. കണ്ടെത്തിയ അവശിഷ്ടത്തിന് പുറമെ ബ്രഹ്മോസ് മിസൈലിന്‍റെ ചിഹ്നം പതിച്ചതാണ് ഇത് മിസൈലിന്‍റെ ഭാഗമാകാം എന്ന നിഗമനത്തില്‍ എത്തിച്ചത്. യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന 'സര്‍ഫസ് റ്റു ഷിപ്പ്' ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലര്‍ എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു. 

ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും  സ്ഥലത്തെത്തി പരിശോധന നടത്തി. മിസൈല്‍ അവശിഷ്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്നും അപകടമില്ലെന്നും പോലീസ് സൂപ്രണ്ട് ഓംപ്രകാശ് മീന വ്യക്തമാക്കി. സംഭവം ഐഎസ്ആർഒയെ അറിയിച്ചു. മിസൈല്‍ ഭാഗങ്ങള്‍ ഇപ്പോള്‍ തീരദേശ പോലീസിന്റെ കസ്റ്റഡിയിലാണ്.