ചെന്നൈ: തമിഴ്നാട് വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാണാതായ കൊവിഡ് ബാധിതനെ കണ്ടെത്തി. ദില്ലി സ്വദേശിയായ ഇയാളെ തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ഇയാളെ ഏഴ് ദിവസം മുമ്പാണ് വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

കൊവിഡ് ബാധിതരായ നാല് പേരെയാണ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതുകൊണ്ട് സംഭവിച്ച വീഴ്ചയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വില്ലുപുരം സ്വദേശികളായ മൂന്ന് പേരെ പിന്നീട് തിരികെ എത്തിച്ച് നിരീക്ഷണത്തിലാക്കിയെങ്കിലും അതിഥി തൊഴിലാളിയായ ദില്ലി സ്വദേശിയെക്കുറിച്ച് ഒരു വിവരവും പൊലീസിനെ ലഭിച്ചിരുന്നില്ല. 

അതേസമയം, തമിഴ്‌നാട്ടിൽ കൊവിഡ് മരണം 12 ആയി. ദിണ്ടിഗൽ സ്വദേശിയായ 95 കാരനാണ് മരിച്ചതോടെയാണ് ഇത്. കരൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് 31 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 1204 ആയി. ചെന്നൈയിലും കോയമ്പത്തൂരും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. ചെന്നൈയിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിക്ക് എങ്ങനെ രോഗം പകർന്നുവെന്ന് വ്യക്തമായിട്ടില്ല. ഇദേഹത്തിൻ്റെ മരണം തമിഴ്നാട് സംസ്ഥാനത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

കോയമ്പത്തൂരിൽ നാൽപ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ച സന്നദ്ധ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇയാൾ തുടര്‍ച്ചയായി അഞ്ച് ദിവസം പൊലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. സ്വകാര്യ ആവശ്യത്തിന് ദില്ലിയിൽ പോയി തിരിച്ചെത്തിയ 61കാരന് ആദ്യ രണ്ട് പരിശോധനയിലും കൊവിഡ് കണ്ടെത്തിയിരുന്നില്ല. മൂന്നാമത്തെ പരിശോധനയില്‍ ഫലം പോസിറ്റീവായി. ഇതേത്തുടര്‍ന്നാണ് തുടിയാളൂര്‍ സ്‌റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 40 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയത്.

അതേസമയം, മാസ്‌ക് ഇടാത്തവര്‍ക്ക് ചെന്നൈയിലും കോയമ്പത്തൂരും 500 രൂപ പിഴ ചുമത്തി. രോഗബാധിതർ കുതിച്ചുയരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ചെന്നൈ. നുംഗമ്പാക്കത്തെ വ്യാപാര കേന്ദ്രം ഒഴിപ്പിച്ച് 6000 കിടക്കകൾ താൽക്കാലിക ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്.