ലക്‌നൗ: കേന്ദ്രമന്ത്രിയും എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്റ്ററുകൾ അമേഠിയിലെങ്ങും പ്രത്യക്ഷപ്പെട്ടു. അമേഠിയിലെ 13 സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആൾ ഇന്ത്യാ മഹിളാ കോൺ​ഗ്രസ്സ് തങ്ങളുടെ ട്വിറ്റർ പേജിൽ ഈ സംഭവം പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളിലായി  വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് സ്മൃതി ഇറാനിയെ സ്വന്തം മണ്ഡലത്തിൽ കണ്ടിട്ടുള്ളതെന്ന് പോസ്റ്ററില്‍ പറയുന്നു.

‘ഞങ്ങള്‍ നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം കണ്ടിരുന്നു. ചില ആളുകള്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിങ്ങളോട് അറിയിക്കാന്‍ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു’, പോസ്റ്ററിലെ വാചകമാണിത്. പോസ്റ്ററില്‍ പ്രത്യേകമായി സംഘടനയുടെ പേരൊന്നും ഉള്‍പ്പെട്ടിട്ടില്ല. അതേസമയം പോസ്റ്ററിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി വക്താവ് ഗോവിന്ദ് സിംഗ് പറഞ്ഞു.

എം.പിയെന്ന നിലയില്‍ മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടെന്നും മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സ്മൃതി ഇറാനി എന്ന് അമേഠിയിലെത്തുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് 25 ന് പാര്‍ട്ടി പ്രവര്‍ത്തകനായ സുരേന്ദ്രസിംഗിന്റെ മരണാനന്തരചടങ്ങുകള്‍ക്കായാണ് സ്മൃതി അവസാനമായി അമേഠിയിലെത്തിയത്.