ഇന്ത്യയെ മാറ്റുമെന്നായിരുന്നു 9 വർഷം മുമ്പ് ബി ജെ പിയുടെ വാഗ്ദാനം. ഇപ്പോൾ ആകെയുള്ളത് രാജ്യത്തിന്‍റെ പേരുമാറ്റൽ മാത്രമാണെന്നാണ് സ്റ്റാലിൻ പരിഹസിച്ചത്

ദില്ലി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യുടെ നേതാക്കൾ രംഗത്ത്. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ർജിയും ബി ജെ പിക്കെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തി.

9 വർഷം മുമ്പത്തെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ടിത്തിയുള്ള പരിഹാസത്തോടെയാണ് സ്റ്റാലിൻ പേരുമാറ്റത്തെ വിമർശിച്ചത്. ഇന്ത്യയെ മാറ്റുമെന്നായിരുന്നു 9 വർഷം മുമ്പ് ബി ജെ പിയുടെ വാഗ്ദാനം. ഇപ്പോൾ ആകെയുള്ളത് രാജ്യത്തിന്‍റെ പേരുമാറ്റൽ മാത്രമാണെന്നാണ് സ്റ്റാലിൻ പരിഹസിച്ചത്. 'ഇന്ത്യ' മുന്നണിയുടെ ഐക്യം ബി ജെ പിയെ ഭയപ്പെടുത്തുന്നുവെന്നും അതുകൊണ്ടാണ് പേരുമാറ്റത്തിനുള്ള നീക്കം നടത്തുന്നതെന്നും തമിഴ് നാട് മുഖ്യമന്ത്രി വിമർശിച്ചു. തെരഞ്ഞെടുപ്പിലൂടെ ബി ജെ പിയെ ‘ഇന്ത്യ’ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഭാരതമെന്ന് വിളിക്കുന്നതിൽ ഭരണഘടന പ്രശ്നമില്ല, നിലപാട് പറഞ്ഞ് തരൂർ; 'വിഡ്ഢിത്തം പ്രതീക്ഷിക്കുന്നില്ല'

ഭാരതമെന്ന് മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ർജി രംഗത്തെത്തിയത്. രാജ്യത്തിന്‍റെ ചരിത്രം തിരുത്തുകയാണ് ബി ജെ പി ചെയ്യുന്നതെന്നും മമത ബാനർജി വിമർശിച്ചു. ഇന്ത്യ ഭാരതമാണെന്ന് നമുക്കറിയാം, എന്നാല്‍ ലോകത്ത് നമ്മള്‍ അറിയപ്പെടുന്നത് ഇന്ത്യ എന്നാണ്, അഥ് മാറ്റേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. മോദി സർക്കാർ അത്തരമൊരു വിഡ്ഢിത്തരം കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് തരൂര്‍ പറഞ്ഞത്. നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത വിലമതിക്കാനാകാത്ത ബ്രാൻഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അത് കളയാൻ സർക്കാർ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ ഭാരതമെന്ന് വിളിക്കുന്നതിന് ഭരണഘടന പ്രശ്നങ്ങളില്ലെന്നും രണ്ടും ഇന്ത്യയുടെ ഔദ്യോഗിക പേരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. രണ്ട് പേരുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതോടെയാണ് അഭ്യൂഹം ശക്തമായത്. സാധാരണ ഹിന്ദിയിൽ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേർക്കുന്നതോടെ ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം