ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു

ചെന്നൈ: ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ ട്വീറ്ററിലൂടെ പറഞ്ഞു.

Scroll to load tweet…
Scroll to load tweet…

അമിത് ഷാ പറഞ്ഞത്

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണെന്ന നിർദ്ദേശവുമായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രംഗത്തെത്തിയത്. "ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോ​ഗിക ഭാഷയിലായിരിക്കണം,” പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ ഷാ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക ഭാഷകളല്ല, ഇം​ഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോ​ഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകളും കൂട്ടിച്ചേർത്ത് ഹിന്ദി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അമിത് ഷാ അംഗങ്ങളെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളെല്ലാം പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019-ൽ, ഹിന്ദി ദിവസിൽ ഭാഷയെക്കുറിച്ച് തന്റെ ആദ്യ പ്രസംഗം നടത്തിക്കൊണ്ട്, "ഒരു രാഷ്ട്രം, ഒരു ഭാഷ" എന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. “ഇന്ത്യ വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ മുഴുവൻ രാജ്യത്തിനും ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, അത് ലോകത്തിലെ രാജ്യത്തിന്‍റെ ഐക്യത്തെ പ്രകടമാക്കുന്നു.'' അമിത് ഷാ പറഞ്ഞു.