റായ്പൂര്‍: കര്‍ഷകരില്‍ നിന്നും ചാണകം സംഭരിക്കാനുള്ള ഛത്തീസ്ഗഡിൽ സംസ്ഥാനസർക്കാരിന്‍റെ തീരുമാനത്തെ പ്രശംസിച്ച് ആര്‍എസ്എസ്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ വമിര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ വിഖ്യാതമായ ന്യായ് പദ്ധതി ‘ഗോദാൻ ന്യായ് യോജന’യാക്കി പരിവർത്തനപ്പെടുത്തിയാണ് ഛത്തീസ്ഗഡിൽ  സർക്കാർ ജൂലായ് 21 മുതൽ ന്യായവില നൽകി കർഷകരിൽനിന്ന് ചാണകം സംഭരിക്കാന്‍   മുഖ്യമന്ത്രി ഭൂപേശ് ബഘേൽ തീരുമാനിച്ചിരിക്കുന്നത്.

ഒരുകിലോഗ്രാം ചാണകത്തിന് ഒന്നര രൂപ നിരക്കിലാണ് സംഭരണം. എന്നാല്‍ പദ്ധതിയെ  സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷമായ ബിജെപി ശക്തമായി എതിർക്കുകയാണെങ്കിലും സർക്കാരിനെ പിന്തുണച്ച് ആർഎസ്എസ് രംഗത്തെത്തി. 'ജനകീയ മുഖ്യമന്ത്രി' തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നു എന്നാണ് ആർഎസ്എസ് പദ്ധതിയെ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച  പ്രാന്ത പ്രമുഖ് സുബോധ് രതിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കത്തും നല്‍കി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികൾ എല്ലായ്പ്പോഴും ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആര്‍എസ്എസ് നേതാവായ പ്രഭാ മിശ്രയുടെ പ്രതികരണം.

ചാണകം കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ സംഭരിക്കണമെന്നും  ജൈവ കീടനാശിനിയാക്കി മാറ്റണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം  പ്രാന്ത പ്രമുഖ് സുബോധ് രതി പറഞ്ഞിരുന്നു. എന്നാല്‍  വിദ്യാഭ്യാസമുള്ള യുവാക്കളെ ചാണകത്തിനു പിന്നാലെ പോകാൻ സർക്കാർ പ്രേരിപ്പിക്കുന്നുവെന്ന് ബിജെപി പദ്ധതിയെ പരിഹസിച്ചു. ബിജെപി നേതാവും മുൻപഞ്ചായത്ത് മന്ത്രിയുമായ അജയ് ചന്ദ്രാകറാണ് പരിഹാസവുമായി രംഗത്ത് വന്നത്

ഇതിന് പിന്നാലെ ആർഎസ്എസിലെ ഒരു വിഭാഗവും അഭിനന്ദനക്കത്തിനെതിരേ രംഗത്തുവന്നു. കത്തുമായി സംഘടനയ്ക്കു ബന്ധമില്ലെന്നാണ്  ആർഎസ്എസ് നേതാവ് പ്രഭാത് മിശ്ര വ്യക്തമാക്കിയതായി ദേശീയ മാധ്യമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയെ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ പരിഹസിച്ചു. 
ആർഎസ്എസ് നേതാക്കളുടെ പിന്തുണയില്‍ അത്ഭുതമില്ലെന്നും രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന തോന്നലും സമൂഹത്തിലെ എല്ലാ വിഭാഗവും സര്‍ക്കാരിനെ അംഗീകരിക്കുന്നു എന്ന അറിവും കാരണം പദ്ധതിക്കുപിന്നിൽ തങ്ങളാണെന്നു തെളിയിക്കാനുള്ളശ്രമമാണ് അവരുടേതെന്നും ഭൂപേശ് പരിഹസിച്ചു.