ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തില്‍ കശ്മീർ വിഷയം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്നും മോദി പറഞ്ഞു. 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരതയ്ക്കെതിരെ മോദി സംസാരിച്ചത്.

ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും മോദി വ്യക്തമാക്കി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഭിന്നിക്കുന്നത് യുഎൻ ആശയത്തിന് വിരുദ്ധമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സ്വാമി വിവേകാനന്ദൻ മുന്നോട്ടുവെച്ച ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉദ്ധരിച്ചാണ് മോദി സംസാരിച്ചത്. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആവർത്തിച്ച മോദി നടപ്പിലാക്കാനിരിക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചും പൊതുസഭയിൽ സംസാരിച്ചു. 

മോദിക്ക് പിന്നാലെ സംസാരിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നു. കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നു. വെറുപ്പിന്‍റെ ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ വധിച്ചതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ആരോപണം.