ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക്ക് മന്ത്രി ഫവദ് ഹുസൈനു മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ തലയിടേണ്ട എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കെജ്‌രിവാള്‍ പാക്ക് മന്ത്രിക്ക് മറുപടി നല്‍കിയിരിക്കുന്നത്. 

മോദിയുടെ ഏറ്റവും വലിയ വിമര്‍ശകനാണ് കെജ്‌രിവാള്‍ എന്നിരിക്കെയാണ് മോഡി എന്റേയും പ്രധാനമന്ത്രി ആണെന്ന് പറഞ്ഞുകൊണ്ട് പാക്ക് മന്ത്രിക്ക് മറുപടി നല്‍കിയത്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദേഹം എന്‍റെയും പ്രധാനമന്ത്രിയാണ്. ദില്ലി തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതിന്‍റെ പേരില്‍ ഇന്ത്യയുടെ ഒത്തൊരുമ നശിപ്പിക്കാനോ നിങ്ങള്‍ക്ക് അവകാശമില്ല. പാക്ക് മന്ത്രി ഹുസൈന് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. 

ഒരാഴ്ചത്തെ യുദ്ധംകൊണ്ട് പാക്കിസ്ഥാനെ ഇന്ത്യയ്ക്ക് തോല്‍പ്പിക്കാനാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഹുസൈന്‍ രംഗത്തുവന്നത്. ഇന്ത്യയിലെ ജനങ്ങള്‍ മോദിയെ തോല്‍പ്പിക്കും. വരുന്ന ദില്ലി തിരഞ്ഞെടുപ്പില്‍ നമ്മുക്ക് അതുകാണാം എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.