പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു. 


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. കേന്ദ്രമന്ത്രിസഭ ഒന്നടങ്കം ചടങ്ങിന് സാക്ഷിയായി. പ്രധാനമന്ത്രി ഒരു പ്രതിഭാസമാണെന്നും സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രതിഭയാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായത് മുതലുള്ള 20 വര്‍ഷത്തെ മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയും, ഭരണ നൈപുണ്യവും വ്യക്തമാക്കുന്നതാണ് മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറിയെന്ന പുസ്തകം. 

ഗായിക ലതാമങ്കേഷ്ക്കറിന്‍റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, എസ് ജയ് ശങ്കര്‍,ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, നടന്‍ അനുപം ഖേര്‍, സുധ മൂര്‍ത്തിയടക്കം 22 പേര്‍ മോദിയെ കുറിച്ച് എഴുതിയിട്ടുണ്ട്. യുവാക്കളുടെ പ്രതീകമായി എങ്ങനെ മോദി മാറിയെന്നത് വിശദീകരിക്കുന്ന പി വി സിന്ധുവിന്‍റേതടക്കമുള്ള ലേഖനവും പുസ്കകത്തെ ശ്രദ്ധേയമാക്കുന്നു.

മോദിജിയുടെ യാത്രയും വാക്കുകളും പ്രവൃത്തികളും സ്വപ്നങ്ങളും അവയുടെ സാക്ഷാത്കാരവും അവതരിപ്പിക്കപ്പെടുകയും മനസ്സിലാക്കുകയും വേണം. ഈ പ്രസിദ്ധീകരണം തീർച്ചയായും മോദിയെ മനസിലാക്കാനും രാജ്യത്തെ ജനങ്ങൾക്ക് വലിയ സ്വപ്നം കാണാനുള്ള ധൈര്യമാകാനും സഹായിക്കും. കാണുന്ന സ്വപ്നങ്ങളെ മൂർത്തമായ യാഥാർത്ഥ്യത്തിലേക്ക് മാറ്റാനും, അത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തിക്കാനുമുള്ള ധൈര്യവും എങ്ങനെയെന്നത് നേരിട്ട് അറിയാനാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.