അരുണ്‍ ജയ്‍റ്റ്‍ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്‍റെ വേദനയാണുള്ളതെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്റൈന്‍ പ്രസംഗം തുടങ്ങിയത്.
മനാമ: അരുണ്‍ ജയ്‍റ്റ്‍ലിയുടെ ഓർമകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്റൈനില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും.
അരുണ്‍ ജയ്‍റ്റ്‍ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്‍റെ വേദനയാണുള്ളതെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്റൈന്‍ പ്രസംഗം തുടങ്ങിയത്. എന്റെ സുഹൃത്ത് അരുൺ നമ്മളെ വിട്ടു പോയപ്പോൾ ഞാൻ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് മോദി പറഞ്ഞു. വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നിൽക്കുന്നത്. വിഷമം സഹിക്കാനുള്ള ശക്തി ജയ്‍റ്റ്‍ലിയുടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
ബഹ്റൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ഭരണകൂടം നല്‍കിയത്. ഇന്ത്യ വലിയ മാറ്റങ്ങളുടെ പാതയിലാണെന്ന് നാഷണല്‍ സ്റ്റേഡിയത്തിലെത്തിയ ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്‍റെ വിവിധയിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷമായി സർക്കാർ ചെയ്തുവരുന്നത്. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളതെന്നും മോദി വ്യക്തമാക്കി.
രണ്ട് ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് മനാമ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കും. ക്ഷേത്രത്തിന്‍റെ ഇരുന്നാറാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തശേഷം ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ഫ്രാന്‍സിലേക്ക് തിരിക്കും.
