Asianet News MalayalamAsianet News Malayalam

വമ്പന്മാരെ വരെ തഴഞ്ഞു; മന്ത്രിസഭ പുനഃസംഘടനയില്‍ മോദിയും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്ത്

യുപി, ഗുജറാത്ത് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പ്, 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വെല്ലുവിളികളാണ് ബിജെപിക്ക് മുന്നില്‍ ഉള്ളത്. അതിനായി ഒരുങ്ങുക എന്നതായിരിക്കും ലക്ഷ്യം. സര്‍ക്കാറില്‍ പ്രധാന മാറ്റങ്ങള്‍ വന്ന സ്ഥിതിക്ക് പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടായേക്കാം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല നല്‍കിയേക്കാമെന്ന സൂചനയും ബിജെപി വൃത്തങ്ങള്‍ നല്‍കുന്നു.
 

Modi Government Cabinet reshuffle: Upcoming legislative elections is the main Aim
Author
New Delhi, First Published Jul 8, 2021, 8:02 AM IST

ദില്ലി: രണ്ടാം മോദി സര്‍ക്കാറിലെ ആദ്യ പുനഃസംഘടന രാഷ്ട്രീയ തിരിച്ചടികളെയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും നേരിടാനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും നീക്കങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമാകുന്നു. മൊത്തത്തിലുള്ള അഴിച്ചുപണി തന്നെയാണ് മോദിയും പാര്‍ട്ടിയും ലക്ഷ്യമിട്ടത്. തന്ത്രപ്രധാനമായ പ്രതിരോധം, ആഭ്യന്തരം, ധനം, വിദേശം തുടങ്ങിയ ചില വകുപ്പുകളൊഴിച്ച് ബാക്കി എല്ലാ വകുപ്പിലെയും തല മാറ്റല്‍ തന്നെയാണ് നടന്നത്. അതോടൊപ്പം നിതിന്‍ ഗഡ്കരികയടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്കും സ്ഥാനചലനമുണ്ടായില്ല. എന്നാല്‍, അതിന് താഴെയുള്ള എല്ലാ വകുപ്പുകളിലും അഴിച്ചുപണി നടന്നു. രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെപ്പോലും കൈവിട്ടു. 

രണ്ടാം മോദി സര്‍ക്കാറില്‍ വിവാദങ്ങളുണ്ടാക്കിയ മന്ത്രാലയങ്ങളിലെ ചുമതലയുള്ളവരെ പ്രധാനമന്ത്രി ഒഴിവാക്കിയെന്നതാണ് പുനഃസംഘടനയില്‍ വ്യക്തമാകുന്നത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുണ്ടായിട്ടുള്ള പ്രതിച്ഛായ നഷ്ടം പരിഹരിക്കുക, തിരിച്ചടികള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാണ് നരേന്ദ്രമോദി നടത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം, വിദ്യാഭ്യാസം, ഐടി, തൊഴില്‍ മന്ത്രാലയങ്ങളിലെ മന്ത്രിമാരെ ഒഴിവാക്കി പുതിയ മന്ത്രിമാരെ കൊണ്ടുവന്നു എന്നതാണ്. 

രണ്ടാം കൊവിഡ് തരംഗം കൈകാര്യം ചെയ്തതില്‍ ആരോഗ്യരംഗം പൂര്‍ണപരാജയമെന്ന വിലയിരുത്തലുണ്ടായി. ഇന്ധന വിലവര്‍ധന, സാമ്പത്തിക രംഗത്തെ തിരിച്ചടികള്‍, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളിലും വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉയര്‍ത്തിയത്. ഇതോടൊപ്പം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് നിയമസഭകളിലേക്ക് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ പരിഗണിച്ചിരിക്കുന്നു. അതിനിടെ ചുമതലകളില്‍ നിന്നൊഴിവാക്കപ്പെട്ട പ്രമുഖര്‍ക്ക് പ്രധാനപ്പെട്ട പാര്‍ട്ടി ചുമതലകള്‍ നല്‍കുമെന്ന സൂചനയുമുണ്ട്. 

യുപി, ഗുജറാത്ത് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പ്, 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വെല്ലുവിളികളാണ് ബിജെപിക്ക് മുന്നില്‍ ഉള്ളത്. അതിനായി ഒരുങ്ങുക എന്നതായിരിക്കും ലക്ഷ്യം. സര്‍ക്കാറില്‍ പ്രധാന മാറ്റങ്ങള്‍ വന്ന സ്ഥിതിക്ക് പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടായേക്കാം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല നല്‍കിയേക്കാമെന്ന സൂചനയും ബിജെപി വൃത്തങ്ങള്‍ നല്‍കുന്നു. രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍ പോലുള്ള പരിചയ സമ്പന്നരായ നേതാക്കളെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയേക്കും. 

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ തിരിച്ചടി യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കം ബിജെപിക്കുള്ളില്‍ ആരംഭിച്ചിട്ടുണ്ട്. ഈയൊരു വിഷയം കൂടി പരിഗണിച്ചാണ് ജംബോ മന്ത്രിസഭ കൊണ്ടുവന്നിരിക്കുന്നത്. യുപിയില്‍ നിന്ന് ഏഴ് മന്ത്രിമാരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമുദായിക, ജാതി സമവാക്യങ്ങളില്‍ മാറ്റം വരുത്തി കൃത്യമായ സന്ദേശമാണ് മന്ത്രിസഭാ പുനഃസംഘടനയിലൂടെ ബിജെപി നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൂടെ ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനസ്സംഘടയെന്ന് വ്യക്തമാണ്. അതോടൊപ്പം ഒഴിവാക്കപ്പെട്ട നേതാക്കളുടെ അസംതൃപ്തി പരിഹരിക്കാനും നീക്കമുണ്ടാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios