ദില്ലി: സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ കാര്യക്ഷമത ലക്ഷ്യമിട്ട് നടപ്പാക്കുന്ന മിഷന്‍ കര്‍മയോഗി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി.  പ്രധാനമന്ത്രി അധ്യക്ഷനായ പിഎം എച്ച്ആര്‍ കൗണ്‍സില്‍ നേരിട്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തും. പരിശീലന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി കാര്യശേഷി കൂട്ടാനുള്ള കമ്മീഷനും രൂപം നല്‍കി.

ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാനുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍
സര്‍വ്വീസിന്‍റെ കാര്യക്ഷമത കൂട്ടാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. കര്‍മയോഗി മിഷന്‍റെ നിയന്ത്രണം പ്രധാനമന്ത്രി
അധ്യക്ഷനായ എച്ചആര്‍ കൗണ്‍സിലിനാണ്.  ക്യാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജ്യത്തെയും വിദേശത്തെയും വിദഗ്ധരും സമിതിയില്‍
അംഗങ്ങളായുണ്ടാകും.  സർക്കാർ ജീവനക്കാരുടെ ഓരോ വർഷത്തെയും പ്രവർത്തനവും സംഭാവനയും അധുനിക മാർഗ്ഗങ്ങളിലൂടെ വിലയിരുത്തും. സ്ഥിരം ഫയൽ നോട്ടത്തിനു പകരം പ്രത്യേക ശേഷി ആവശ്യമായ മേഖലകൾക്ക് ഉദ്യോഗസ്ഥരെ തയ്യാറാക്കും. ഉദാഹരണത്തിന്, ദുരന്തസാഹചര്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒരു ടീമിനെ വാർത്തെടുക്കും.  മേല്‍നോട്ടവും നടത്തിപ്പും ക്യാബിനറ്റ് സെക്രട്ടേറിയേറ്റ് കോഡിനേഷന്‍ യൂണിറ്റിന് ആയിരിക്കും.

ഇനി മുതല്‍ ജീവനക്കാരുടെ പരിശീലന സെന്‍ററുകളുടെ നിയന്ത്രണം കാര്യശേഷി വികസന കമ്മീഷനായിരിക്കും. സ്വയം ഭരണ അധികാരമുള്ള കമ്മീഷന്‍ അന്താരാഷ്ട്ര മാനമണ്ഡങ്ങള്‍ക്കനുസരിച്ചാവും പരിശീലന പരിപാടികള്‍ തയാറാക്കുന്നത്. അഞ്ഞൂറ്റിപ്പത്തു കോടി രൂപയാണ്  അഞ്ചു വര്‍ഷത്തേക്ക് പദ്ധതി നടത്തിപ്പിനായി നീക്കിവച്ചിരിക്കുന്നത്.

 

Read Also: വെഞ്ഞാറമ്മൂട് കൊലപാതകം: റൂറൽ എസ്‌പി അഴിമതിക്കാരൻ, ഫൈസൽ വധശ്രമ കേസിൽ ബന്ധപ്പെട്ടില്ല: അടൂർ പ്രകാശ്...