ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ക്കൊപ്പം സമയം ചിലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ മോദി സമയം കണ്ടെത്തിയത്. 

സുരക്ഷാ ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിര്‍ത്തിയാണ് മോദി കുട്ടികള്‍ക്കരികിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം സന്തോഷം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി മോദി കുട്ടികള്‍ക്കൊപ്പം സംവദിക്കാന്‍ അവസരമുണ്ടാക്കിയിരുന്നു. 

ത്രിവര്‍ണപതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ കുരുന്നുകള്‍ മോദിക്കരികിലേക്ക് ഓടിയടുത്തു. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ ഇത്രയും അരികില്‍ കാണാന്‍ സാധിച്ചതിന്‍റെ ആവേശത്തിലായിരുന്നു അവര്‍. വിശേഷം പറഞ്ഞും ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയും പ്രധാനമന്ത്രി കുട്ടികളെ കൈയ്യിലെടുത്തു.