ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. രജൗരിയില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കും. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആദ്യമായെത്തിയതിന്‍റെ വാര്‍ഷികാഘോഷവും ഇതിനൊപ്പം നടക്കും. 1947- ല്‍ പാകിസ്ഥാന്‍ സൈന്യവും സായുധ സംഘങ്ങളും ചേര്‍ന്ന് കശ്മീര്‍ ആക്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി അവിടെ എത്തുന്നത്. ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് എത്തിയ മോദി നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികരോട് സംവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2014 -ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇത് മൂന്നാം തവണയാണ് ദീപാവലി ആഘോഷങ്ങള്‍ക്കായി മോദി കശ്മീരിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം മോദി ദീപാവലി ആഘോഷിച്ചത് ഇന്തോ- ടിബറ്റന്‍ സൈനികര്‍ക്കൊപ്പം ഉത്തരാഖണ്ഡിലായിരുന്നു.