ദില്ലി: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ 'മാന്‍ വെര്‍സസ് വൈല്‍ഡി'ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായെത്തിയ എപ്പിസോഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിക്കലും വെളിപ്പെടുത്താത്ത ബാല്യകാല അനുഭവങ്ങള്‍ ഉള്‍പ്പെടെ മോദി അവതാരകനായ ബെയര്‍ ഗ്രില്‍സിനോട് പറഞ്ഞിരുന്നു. ഓഗസ്റ്റ് 12-ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ രണ്ട് വ്യത്യസ്ത ഭാഷകളിലാണ് മോദിയും ഗ്രില്‍സും സംസാരിച്ചത്. മോദി ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിച്ച ബെയര്‍ ഗ്രില്‍സിന് കാര്യമെങ്ങനെ പിടികിട്ടിയെന്നായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ തങ്ങളുടെ സംഭാഷണത്തിന് പിന്നിലെ ആ രഹസ്യം തുറന്നുപറയുകയാണ് മോദി. 

ഓഗസ്റ്റ് 25-ന് സംപ്രേക്ഷണം ചെയ്ത 'മന്‍ കി ബാത്തി'ലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചിലര്‍ എന്നോട് സംശയത്തോട് കൂടിയാണെങ്കില്‍ പോലും ഒരു ചോദ്യം ചോദിച്ചു. മോദി ജീ, താങ്കള്‍ ബെയര്‍ ഗ്രില്‍സിനോട് ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ തമ്മിലുള്ള സംഭാഷണം ഇത്ര എളുപ്പത്തില്‍ സാധ്യമായത്?

എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു വിദൂര ട്രാന്‍സ്‍ലേറ്റര്‍ ഉണ്ടായിരുന്നു. ഞാന്‍ ഹിന്ദിയില്‍ പറയുന്നത് ട്രാന്‍സ്‍ലേറ്റ് ചെയ്ത് ഇംഗ്ലീഷിലാണ് ഗ്രില്‍സ് കേട്ടിരുന്നത്. ബെയര്‍ ഗ്രില്‍സിന്‍റെ ചെവിയില്‍ ഘടിപ്പിച്ച ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ഇതിനായി സാങ്കേതിക സഹായം തേടിയിരുന്നു'- മോദി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.