ദില്ലി: ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ സംവാദത്തിൽ തന്റെ ആരോ​ഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി. സംവാദത്തില്‍ ക്രിക്കറ്റ് താരം കോഹ്‍ലി, അഭിനേതാവും മോഡലുമായ മിലിന്ദ് സോമൻ, പോഷാകാഹാര വിദഗ്ധ രുജുത ദിവേകര്‍, പാരാലിംപിക് ജാവെലിന്‍ ഗോള്‍ഡ് മെഡലിസ്റ്റ് ദേവേന്ദ്ര ജാജാരിയ,  ജമ്മുകശ്മീരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം അഫ്ഷാന്‍ ആഷിക് എന്നിവർ പങ്കെടുത്തു.

പാക്കറ്റ് ഫുഡ്ഡിനേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണെന്ന് ചർച്ചയ്ക്കിടെ രുജുത ദിവേക്കർ വ്യക്തമാക്കി. കാരണം ഇവയിൽ എല്ലാ പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രാദേശിക ഭക്ഷണം കഴിക്കുക, ആ​ഗോളതലത്തിൽ ചിന്തിക്കുക എന്ന ദിവേക്കറുടെ രീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. കൊറോണ വൈറസ് കാലഘട്ടത്തിൽ ഫിറ്റ്നെസ്സിന് പുതിയ നിർവ്വചനങ്ങളുണ്ടായി എന്നും മോദി അഭിപ്രായപ്പെട്ടു. കുടുംബാം​ഗങ്ങൾക്കൊപ്പം വ്യായാമം ചെയ്യുന്നത് വൈകാരിക ബന്ധങ്ങൾ ഉറപ്പിക്കാൻ സാധിക്കും. 

ആരോ​ഗ്യരം​ഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് തന്റെ സ്പെഷൽ പാചകക്കുറിപ്പിനെക്കുറിച്ച് മോദി വെളിപ്പെടുത്തിയത്. മുരിങ്ങ പറാത്ത ഉൾപ്പെടെയുള്ള ആരോ​ഗ്യകരമായ ഭക്ഷണക്രമമാണ് തന്റേതെന്ന് മോദി വെളിപ്പെടുത്തി. വളരെയധികം പോഷകമൂല്യമുള്ളതിനാൽ ആഴ്ചതോറും മുരിങ്ങ പറാത്ത കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉറപ്പായും ഈ പറാത്തയുടെ പാചകക്കുറിപ്പ് പൊതുജനങ്ങൾക്കായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് കാലത്ത് കായിക ക്ഷമത കാത്തു സൂക്ഷിക്കുന്നതെങ്ങനെയെന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ശാരീരിക ക്ഷമതയെക്കുറിച്ച് ആഗോളമായ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നതായും ഹിറ്റ് ഇന്ത്യ എന്നതിനര്‍ത്ഥം ഫിറ്റ് ഇന്ത്യ എന്നാണെന്നും മോദി സംവാദത്തില്‍ പറഞ്ഞു.