അമേരിക്കയില്‍ വച്ച് തമിഴില്‍ സംസാരിച്ചതോടെ തമിഴ് അവിടെ ചര്‍ച്ചാവിഷയമായെന്ന് മോദി പറഞ്ഞു.
ദില്ലി: തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്രാസ് ഐഐടിയുടെ 56-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈന്നൈയിലെത്തിയ മോദി ചൈന്നൈ വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
അമേരിക്കയില്‍ വച്ച് തമിഴില്‍ സംസാരിച്ചതോടെ അവിടെ തമിഴ് ചര്‍ച്ചാവിഷയമായെന്നും മോദി കൂട്ടിച്ചേര്‍ത്തു. 'അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴിന്‍റെ പാരമ്പര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ വളരെ നല്ല സ്വീകരണമാണ് ലഭിച്ചത് ഇപ്പോള്‍ തമിഴ് അവിടെ ചര്‍ച്ചാവിഷയമായി. അമേരിക്കയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ തമിഴ് സമ്പന്നവും വിഭിന്നവുമായ ഭാഷയാണെന്ന് മനസ്സിലായി'- മോദി പറഞ്ഞു.
യുഎന്നിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സംഘകാല കവി കണിയന്‍ പൂംകുണ്ട്രനാറുടെ വരികള്‍ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായാണ് തമിഴ്നാട്ടില്‍ എത്തുന്നതെന്നും തനിക്ക് ലഭിച്ച ഊഷ്മള വരവേല്‍പ്പില്‍ നന്ദിയുണ്ടെന്നും മോദി ഐഐടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. അതേസമയം ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയാകുമ്പോള്‍ മോദി തമിഴിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത് ശ്രദ്ധേയമായി.
എന്നാല്‍ മോദി ചെന്നൈയില്‍ എത്തിയതോടെ ട്വിറ്ററില്‍ #GobackModi, #TNWelcomes Modi എന്നീ രണ്ട് വ്യത്യസ്ത ഹാഷ്ടാഗുകളാണ് ട്രെന്‍ഡായത്. ഇതില്‍ #GobackModi ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. 1,00,000 ഓളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വൈകിട്ട് നാലുമണിക്കകം പങ്കുവെച്ചത്.
