ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാലി: ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ലോകം ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേഷിതമാണെന്നും മോദി പറഞ്ഞു. രണ്ട് ദിവസത്തെ മാലിദ്വീപ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചാണ് നരേന്ദ്ര മോദിയുടെ പരാമർശം.
ഭീകരവാദം സമൂഹത്തിന് മാത്രമല്ല, മുഴുവൻ സംസ്‌ക്കാരത്തിന് തന്നെ ഭീഷണിയാണ്. ആളുകള്‍ ' നല്ല ഭീകരവാദി, മോശം ഭീകരവാദി ' എന്ന് ചിന്തിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ഭീകരത ചെറുക്കുന്നതാണ് ലോക നേതൃത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗമെന്നും മോദി പറഞ്ഞു. രാജ്യത്തെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ നിർത്തണമെന്നും മോദി കൂട്ടിച്ചേർത്തു.
