കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കുടുംബങ്ങൾക്കകത്തും അധ്യാപകരുമായും ചർച്ചകൾ നടത്തണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി
ദില്ലി:കുട്ടികളുടെ പ്രോഗ്രസ് കാർഡ് മാതാപിതാക്കൾ വിസിറ്റിംഗ് കാർഡാക്കി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കുടുംബങ്ങൾക്കകത്തും അധ്യാപകരുമായും ചർച്ചകൾ നടത്തണമെന്നും മോദി പരീക്ഷ പേ ചർച്ചയിൽ പറഞ്ഞു. മാതാപിതാക്കൾ കുട്ടികളെ നിരന്തരം സമ്മർദത്തിലാക്കുന്നത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും, അധ്യാപകർ അധ്യാപനം ഒരു തൊഴിൽ മാത്രമായി കാണരുതെന്നും മോദി നിർദേശിച്ചു.
വിദ്യാർത്ഥികൾ അവനവനോട് മത്സരിക്കണം, എന്നാൽ മറ്റുള്ളവരോട് വിദ്വേഷം ഉള്ളവരാകരുതെന്നും മോദി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഏഴാമത് പരീക്ഷ പേ ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി വിദ്യാർത്ഥികളും അധ്യാപകരുമായി മോദി സംവദിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി മേഘ്ന എൻ നാഥ് ഉൾപ്പടെ അവതാരകരായി.

