പാകിസ്ഥാൻ: ഇന്ത്യക്കാരുടെ വൈകാരികതയെ മാനിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് നന്ദി പറഞ്ഞ് മോദി. കർത്താർപൂർ ഇടനാഴി ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്കായി തുറന്നു കൊടുക്കുന്ന ചരിത്രനിമിഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇവിടേയ്ക്കുള്ള ആദ്യ പ്രതിനിധി സംഘത്തെ മോദി യാത്രയാക്കിയിരുന്നു. സിഖ് മതക്കാർ പുണ്യകേന്ദ്രമായി വിശ്വസിക്കുന്ന ഇടമാണ് കർത്താർപൂർ ​ഗുരുദ്വാര. ഇടനാഴി തുറക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് അവിടേക്ക് അനായാസം എത്താൻ സാധിക്കും. 

സിഖ് മതസ്ഥാപകനായ ​ഗുരുനാനാക്കിന്റെ 550-ാമത് ജന്മദിനം ആഘോഷിക്കുന്ന വേള കൂടിയാണിത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. കാരണം ഭാരതീയരുടെ വികാരത്തെ അദ്ദേഹം മാനിച്ചു. മോദി പ്രസം​ഗമധ്യേ പറഞ്ഞു. കർത്താർപൂർ  ഇടനാഴി രാജ്യത്തിന് സമർപ്പിക്കാൻ സാധിച്ചതിൽ താൻ ഭാ​ഗ്യവാനെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർത്താർപൂർ ഇടനാഴിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാൻ പരിശ്രമിച്ച പഞ്ചാബ്  മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗിനെയും അകാലിദൾ നേതാവ് പ്രകാശ് സിം​ഗ് ബാദലിനെയും മോദി അഭിനന്ദിച്ചു. വരഷങ്ങളായി ഇവിടേയ്ക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു സിഖ് വിശ്വാസികൾ.