ചത്തീസ്​ഗഢ്: ഹരിയാനയിലെ റോഹ്തക്കിൽ വച്ച് നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് റാലി പൂർത്തിയാക്കിയിരിക്കുകയാണ്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും റോഹ്തക്കിലെ റാലിയെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നയിക്കുന്ന ജൻ ആശിർവാദ് യാത്രയുടെ സമാപന സമ്മേളനവും റോഹ്തക്കിൽ നടക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോണ്‍ഗ്രസ് ജയിച്ച ഏക ലോക്സഭ മണ്ഡലം കൂടിയാണ് റോഹ്തക്. ഹരിയാനയിലെത്തുന്ന മോദി ഗുരുഗ്രാമിലെ ശ്രീ ഷീത്ല മാതാദേവി മെഡിക്കൽ കോളേജ്, മെഗാ ഫുഡ് പാർക്ക്, റോഹ്താക്കിലെ ഇൻഡസ്ട്രിയൽ മോഡൽ ടൗൺഷിപ്പ്, കർണാലിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ശിലാസ്ഥാപനവും നിർവ്വഹിക്കും.