റാഞ്ചി: ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ജെഎംഎം ആര്‍ജെഡി സഖ്യത്തെ അഭിനന്ദിച്ച മോദി രാജ്യത്തെ സേവിക്കുന്നതിന് എല്ലാ ആശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്‍തു. ബിജെപിയെ അഞ്ച് വര്‍ഷം ഭരിക്കാന്‍ അനുവദിച്ച ജനങ്ങള്‍ക്ക് നന്ദി. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മോദി ട്വീറ്റിലൂടെ കുറിച്ചു. ജനവിധി മാനിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. പൗരത്വമടക്കമുള്ള വിഷയങ്ങള്‍  പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും ഝാര്‍ഖണ്ഡിൽ ബിജെപി കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ഭരണവിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം തോറ്റത് ബിജെപിക്ക് ഇരട്ട പ്രഹരമായി. ആദിവാസി മേഖലകള്‍ ബിജെപിയെ കൈവിട്ടു. രഘുബര്‍ദാസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു . ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 65 ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഭരണവിരുദ്ധ വികാരവും വിമത നീക്കങ്ങളും താമരയെ ഝാര്‍ഖണ്ഡില്‍  തളര്‍ത്തി.