ദില്ലി: ഇന്ത്യന്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യ വിലപിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ മായാത്ത മുദ്രപതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും മോദി കുറിച്ചു. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ എല്ലാ തുറയിലുള്ളവരും അദ്ദേഹത്തെ ആദരിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയില്‍ രാഷ്ട്രപതി ഭവന്‍ സാധാരണ ജനങ്ങള്‍ക്ക് കൂടി എത്തിപ്പെടാവുന്ന സ്ഥലമാക്കി അദ്ദേഹം മാറ്റിയെന്നും തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ മോദി പറഞ്ഞു. 

ദില്ലിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെമരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മകന്‍ അഭിജിത് മുഖര്‍ജിയാണ്  മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അടക്കമുള്ളവര്‍ പ്രണബ് മുഖര്‍ജിക്ക് ആദരമര്‍പ്പിച്ചു. അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രം എഴുതുമ്പോള്‍ മായ്ച്ചുകളയാനാകാത്ത സംഭാവനകള്‍ നല്കിയാണ് പ്രണബ് ദാ എന്ന പ്രണബ് മുഖര്‍ജി അരങ്ങൊഴിയുന്നത്.