അഹമ്മദാബാദ്: മഹാത്മാഗാന്ധി 150ാം ജന്മദിനാഘോഷത്തില്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ മോദി, ഗാന്ധി മ്യൂസിയം സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകുന്നേരത്താണ് മോദി സബര്‍മതി ആശ്രമത്തിലെത്തിയത്. മ്യൂസിയത്തില്‍ വിദ്യാര്‍ത്ഥികളുമായും മോദി സംവദിച്ചു. ഗാന്ധിയുടെ വസതിയായ ഹൃദയ കുഞ്ജിലും മോദി സന്ദര്‍ശനം നടത്തി. സന്ദര്‍ശക പുസ്തകത്തില്‍ കുറിപ്പെഴുതിയാണ് മോദി മടങ്ങിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‍രഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും മോദിയെ അനുഗമിച്ചു. 

ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തി ശേഷം 1917ലാണ് ഗാന്ധി സബര്‍മതി ആശ്രമം നിര്‍മിക്കുന്നത്. 1930വരെ ആശ്രമത്തില്‍ താമസിച്ചു. 1930ലെ ദണ്ഡിയാത്ര ആരംഭിക്കുന്നതും ആശ്രമത്തില്‍നിന്നാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമേ തിരികെ ആശ്രമത്തിലേക്കുള്ളൂ എന്ന് പറഞ്ഞാണ് ദണ്ഡിയാത്രക്ക് പുറപ്പെട്ടത്.