ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധമലയാളത്തില്‍ ജന്മദിനാശംകള്‍ നേര്‍ന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചിന്താശിലം ഹൃദയത്തില്‍ തൊട്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 64ാം ജന്മദിനമാണ് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ആഘോഷിച്ചത്. 

പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ മലയാളവും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. അമ്മയോടൊപ്പമുള്ള ജന്മദിനാഘോഷങ്ങളുടെ ചിത്രവും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 
മോദി സര്‍ക്കാറിന്‍റെ കടുത്ത വിമര്‍ശകനാണ് ശശി തരൂര്‍. എന്നാല്‍, പ്രധാനമന്ത്രിയെ ഉചിതമല്ലാത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് തിരിച്ചടിയാകുമെന്ന തരൂരിന്‍റെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനത്തിന് കാരണമായി.