'ജന്മദിനാശംസകൾ സോണിയാ ഗാന്ധി ജി. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.' എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ദില്ലി: കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ ദീർഘായുസ്സും നല്ല ആരോഗ്യവും നേർന്ന് പ്രധാനമന്ത്രി മോദി. സോണിയ ഗാന്ധിയുടെ 73-ാം ജന്മദിനമാണ് ഡിസംബർ 9. ''ജന്മദിനാശംസകൾ സോണിയാ ഗാന്ധി ജി. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു'' എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ മോദിയുടെ ജന്മദിനത്തിൽ സോണിയ ഗാന്ധിയും ആശംസ അറിയിച്ചിരുന്നു. 'ആരോഗ്യവും സന്തോഷവും നിറഞ്ഞ സുദീർഘ ജീവിതം ഉണ്ടാകട്ടെ' എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആശംസ.
1946 ഡിസംബർ 9 ന് ജനിച്ച സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 1998 ലാണ് ഇവർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ഇപ്പോഴും ഈ പദവിയില്‍ തന്നെ തുടരുന്നു. എന്നാൽ രാജ്യത്തുടനീളം സ്ത്രീസുരക്ഷ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ജന്മദിനാഘോഷങ്ങൾ നടത്തുന്നില്ല എന്നാണ് സോണിയ ഗാന്ധിയുടെ നിലപാടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾ എല്ലാവരും സോണിയ ഗാന്ധിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് പദവിയിൽ സോണിയ ഗാന്ധി പ്രകടിപ്പിച്ച നേതൃപാടവത്തെയാണ് നേതാക്കൾ എടുത്തുപറഞ്ഞിട്ടുള്ളത്.
