2008 ജനുവരി 14-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മോദി ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ മോദി ഉടന്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തിലെത്തുന്ന മോദി ഗുരുവായൂര്‍ സന്ദര്‍ശനത്തോടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുകയാണ്. 

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രി എന്ന നേട്ടമാണ് ഇതോടെ നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരാണ് മോദിക്ക് മുമ്പേ ഗുരുവായൂരിലെത്തിയത്. 1980-ലാണ് ഇന്ദിരാഗാന്ധി ഗുരുവായൂരിലെത്തിയത്. 87-ല്‍ രാജീവ് ഗാന്ധിയും 94-ല്‍ നരസിംഹറാവുവും ക്ഷേത്രത്തിലെത്തി. നാരായണീയത്തിന്‍റെ 400-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാജീവ് ഗാന്ധി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂര്‍ റെയില്‍പ്പാത ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നരസിംഹറാവു ക്ഷേത്രദര്‍ശനം നടത്തിയത്. 

വാജ്‍പേയ്, വി പി സിങ് , ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രി അല്ലാതിരുന്ന സമയത്ത് ഗുരുവായൂരിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. 2008- 2008 ജനുവരി 14-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മോദി ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദൻ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക.