വരാണസിക്ക് ഹോളി എന്നാൽ ശിവ-ശക്തി പരിണയത്തിന്റെ ആഘോഷമാണ്. 250 വർഷത്തിലേറെയായി ഈ വിശേഷാവസരത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ​ഗിയാസുദ്ദീന്റെ കുടുംബക്കാരാണ്. തലമുറ തലമുറകളായി കൈമാറ്റം ചെയ്തു വന്ന വൈദ​ഗ്ധ്യമാണ് ​ഗിയാസുദ്ദീന് ഈ തലപ്പാവ് നിർമ്മാണം. 

"പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ആദിത്യ യോ​ഗിനാഥും ഞാൻ നിർമ്മിച്ച തലപ്പാവ് ധരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആ​ഗ്രഹങ്ങളിലൊന്ന്". ഹോളി ആഘോഷങ്ങളുടെ തിരക്കിലേക്ക് മുങ്ങിയ ന​ഗരത്തിലിരുന്ന് മുഹമ്മദ് ​ഗിയാസുദ്ദീൻ പറഞ്ഞുതുടങ്ങുകയാണ്.. 

പ്രശസ്തമായ അക്ബാരി ടർബനുകൾ തനിമ ചോരാതെ ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരാളാണ് ​ഗിയാസുദ്ദീൻ എന്നാണ് ഖ്യാതി. അക്ബാരി ടർബനുകൾ അറിയില്ലേ, മു​ഗൾ ചക്രവർത്തി ജലാലുദ്ദീൻ അക്ബറുടെ കാലത്തെ ഛായാചിത്രങ്ങളിലും ശിൽപങ്ങളിലും നാം കണ്ടു പരിചയിച്ച അതേ തലപ്പാവ് തന്നെ. ഗംഗാതീരത്തെ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയിലണിയാൻ ഇതേ തലപ്പാവ് നിർമ്മിച്ചു നൽകുന്ന ആളും മുഹമ്മദ് ​ഗിയാസുദ്ദീൻ തന്നെയാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. അഞ്ച് മീറ്റർ തുണിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഈ തലപ്പാവ് കാശി വിശ്വനാഥന് സമർപ്പിക്കുക എന്നത് ഒരു ആചാരമാണ്. ​ഗം​ഗാതീരത്തെ ശിവസന്നിധിയിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ഫാൽ​ഗുന മാസത്തിലെ ഏകാദശി നാളിലാണ്. 

വരാണസിക്ക് ഹോളി എന്നാൽ ശിവ-ശക്തി പരിണയത്തിന്റെ ആഘോഷമാണ്. 250 വർഷത്തിലേറെയായി ഈ വിശേഷാവസരത്തിൽ വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ​ഗിയാസുദ്ദീന്റെ കുടുംബക്കാരാണ്. തലമുറ തലമുറകളായി കൈമാറ്റം ചെയ്തു വന്ന വൈദ​ഗ്ധ്യമാണ് ​ഗിയാസുദ്ദീന് ഈ തലപ്പാവ് നിർമ്മാണം. വാരണാസിയിലെ ഏകാദശി ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് ​ഗിയാസുദ്ദീനും കുടുംബവും. ഹൈന്ദവവിശ്വാസികളുടെ പുണ്യസ്ഥലം എന്നതിനപ്പുറം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സംസ്കാരിക കേന്ദ്രം കൂടിയാണ് കാശി. ഉസ്താദ് ബിസ്മില്ലാ ഖാൻ അടക്കമുള്ളവർ കാശി വിശ്വനാഥന് മുമ്പിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഇതിന് മകുടോ​ദാഹരണമാണ്. 

വാരണാസിയിലെ 'വിശ്വനാഥ'ന് മാത്രമല്ല, ജന്മാഷ്ടമിക്ക് ശ്രീകൃഷ്ണവി​ഗ്രഹത്തിൽ ചാർത്താനും ​ഗിയാസുദ്ദീൻ തലപ്പാവ് നിർമ്മിക്കാറുണ്ട്. കാശിനാഥനായി തലപ്പാവ് നിർമ്മിക്കുന്നത് ഉത്തരവാദിത്തത്തിലുപരി അഭിമാനമായാണ് കാണുന്നതെന്ന് ​ഗിയാസുദ്ദീൻ പറയുന്നു. പൂർവ്വികരിൽ നിന്ന് പകർന്നുകിട്ടിയ പാരമ്പര്യം കാത്തുസൂക്ഷിക്കാനാവുന്നതിൽ അങ്ങേയറ്റം സന്തോഷവാനാണ് അ​ദ്ദേഹം. എന്റെ മുതുമുത്തച്ഛൻ ലഖ്നൗവിൽ നിന്നാണ് ഈ കല ഇവിടേക്ക് കൊണ്ടുവന്നത്. വാരണാസി ഇഷ്ടപ്പെട്ടതോടെ അദ്ദേഹം ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

വാരണാസിയിലേക്കും ഇവിടുത്തെ ഐക്യത്തിലേക്കും അദ്ദേഹം അലിഞ്ഞുതീരുകയായിരുന്നു. അങ്ങനെയാണ് കാശിനാഥന് തലപ്പാവ് സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതും അത് ക്ഷേത്രത്തിലെ പൂജാരികൾ സ്നേഹത്തോടെ സ്വീകരിച്ചതും. ​ഗിയാസുദ്ദിന്റെ നാല് ആണ്മക്കളും പേരക്കുട്ടിയായ മുഹമ്മദും തലപ്പാവ് നിർമ്മാണത്തിൽ വൈദ​ഗ്ധ്യം ഉള്ളവരാണ്. ​ഗിയാസുദ്ദീന്റെ ഭാര്യ ആമിനയും തലപ്പാവ് നിർമ്മാണത്തിൽ പങ്കാളിയാവാറുണ്ട്. പട്ടുതുണി, സ്വർണം വെള്ളി നൂലുകൾ തുടങ്ങിയവയൊക്കെ ഉപയോ​ഗിച്ച് ആഴ്ചകളെടുത്താണ് ഈ സവിശേഷ തലപ്പാവ് നിർമ്മിച്ചെടുക്കുന്നത്. 

കാശി വിശ്വനാഥന് വേണ്ടി തലപ്പാവ് നിർമ്മിക്കുന്നത് തനിക്കും കുടുംബത്തിനും ഐശ്വര്യം നൽകുമെന്ന് ​ഗിയാസുദ്ദീൻ ഉറച്ചുവിശ്വസിക്കുന്നു. വിലമതിക്കാനാവാത്തതാണ് ഈ തലപ്പാവെന്നും ലക്ഷങ്ങൾ നൽകാമെന്ന് പറഞ്ഞാലും മറ്റൊരാൾക്ക് വേണ്ടി ഇത്തരത്തിലൊന്ന് നിർമ്മിച്ചുനൽകില്ലെന്നുമാണ് ​ഗിയാസുദ്ദീൻ പറയുന്നത്. ഹിന്ദുവും മുസ്ലീമും രണ്ടാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഈ ആചാരം അളവില്ലാത്ത ആഹ്ലാദം മനസിന് നൽകുന്നതാണ്. ഇത് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമാണ്. ​ഗിയാസുദ്ദീൻ പറയുന്നു. ഓരോ ഹോളിക്കും ശേഷവും ​വാരണാസിയിൽ ഗിയാസുദ്ദീൻ കാത്തിരിക്കും, അടുത്ത ഹോളിയാഘോഷത്തിനായി.