ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ടിആർഎസ് നേതാക്കൾ വോട്ടിനു പണം നൽകുന്നുവെന്ന് പരാതി. നേതാക്കൾ വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ ബിജെപിയും കോൺഗ്രസും പുറത്തുവിട്ടു.  പരാതി നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. നാളെയാണ് ഹൈദരാബാദ് കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ്. 

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയും ടിആർഎസും എഐഎംഐഎമ്മും വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിലാണ് ബിജെപി പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായടക്കം ഡസനോളം ബിജെപി ദേശീയ നേതാക്കളാണ് കഴിഞ്ഞ ഒരാഴ്ചയക്കിടെ തെലങ്കാനയില്‍ വന്നുപോയത്.

എന്നാല്‍ വികസനം ഉയർത്തിക്കാട്ടിയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി വിമർശിച്ചുമാണ് ഭരണകക്ഷിയായ ടിആർഎസും എഐഎംഐഎമ്മും പ്രതിരോധം തീർക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുതന്നെ നേരിട്ട് രംഗത്തിറങ്ങി. 

ബിജെപിയുടെ പ്രചാരണ കോലാഹലത്തില്‍ വഞ്ചിതരാകരുതെന്നും ലോകസഭ തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നുമായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. ഏതായാലും പതിവില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണ മല്‍സരമാണ് ഇത്തവണ ഹൈദരാബാദ് കോർപ്പറേഷനില്‍ പ്രതീക്ഷിക്കുന്നത്.