Asianet News MalayalamAsianet News Malayalam

'പാലം ബലപ്പെടുത്തിയില്ല, അലുമിനിയം ഷീറ്റ് പാകി'; മോർബി തൂക്കുപാലം തകർച്ചയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പൊലീസ്

'പഴയ കമ്പികൾ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല. തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന്റെ ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. നിർമാണ വേളയിൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല'

Morbi bridge collapse, Police pointed out serious lapses
Author
First Published Nov 2, 2022, 12:39 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണിയിൽ സ‍ർവത്ര ക്രമക്കേടെന്ന് പൊലീസ്. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികൾ മാറ്റി അലുമിനിയം ഷീറ്റുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവർ അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിച്ചില്ലെന്നും കണ്ടെത്തി. ഇതിനിടെ, ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റിയതിന് ഗുജറാത്തിലെ ദ്വാരക - ഓഖ റൂട്ടിലെ 25 ബോട്ടുകളുടെ ലൈസൻസ് സർക്കാർ റദ്ദാക്കി.

അറസ്റ്റിലായ 9 ജീവനക്കാരിൽ 4 പേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്, പൊലീസ് വീഴ്ചകൾ എണ്ണിപ്പറയുന്നത്. ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവിൽ പഴയ കമ്പികൾ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല. തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന്റെ ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. നിർമാണ വേളയിൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉത്പന്ന നിർമാതാക്കളായ കമ്പനിക്ക് സിവിൽ വർക്ക് ടെണ്ടർ പോലുമില്ലാതെ നൽകിയതിലും ദുരൂഹതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു. അറസ്റ്റിലായവർക്ക് വേണ്ടി വാദിക്കാൻ മോർബി ബാർ അസോസിയേഷനിലെ അഭിഭാഷകരാരും തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. അതേസമയം നിർമാണ ജോലിയിൽ നേരിട്ട് പങ്കെടുക്കാത്തവരാണ് തങ്ങളെന്ന് അറസ്റ്റിലായവർ കോടതിയിൽ വാദിച്ചു.

ഇതിനിടെ, ഓഖ - ദ്വാരക റൂട്ടിൽ അമിതമായി ആളുകളെ കയറ്റി സർവീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ അധികൃതർ നടപടി എടുത്തു. മോർബി സംഭവത്തിന് പിന്നാലെ ഇവിടുത്തെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചത്തേക്കാണ് 25 ബോട്ടുകളുടെ ലൈസൻസ് ഗുജറാത്ത് മാരിടൈം ബോർഡ് റദ്ദാക്കിയത്. ലൈഫ് ജാക്കറ്റ് നൽകി മാത്രമേ ഇനി സംസ്ഥാനത്ത് ഇനി ബോട്ട് സർവീസ് അനുവദിക്കൂ എന്നും സർക്കാർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios