പിടികൂടിയ കാലികളെ ഉടമകള്‍ പിഴ അടച്ച് തിരിച്ച് വാങ്ങിയ ശേഷം ഉടമകൾ വീണ്ടും തെരുവുകളിലേക്ക് വിടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍

ചെന്നൈ: നാലാം ക്ലാസ്സുകാരിക്ക് പശുവിന്‍റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതിന് പിന്നാലെ പശുവിനെ അലക്ഷ്യമായി തെരുവില്‍ വിടുന്ന ഉടമകള്‍ക്കെതിരെ നടപടികള്‍ കൂടുതല്‍‌ ശക്തമാക്കാനൊരുങ്ങി ചെന്നൈ കോര്‍പ്പറേഷന്‍. പശുക്കളെ അലക്ഷ്യമായി വിടുന്ന ഉടമകൾക്ക് 2000 രൂപ പിഴ ചുമത്തതിനൊപ്പം പശുക്കളെ ഇത്തരം ഉടമകളില്‍ നിന്ന് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളുടെ സാധ്യതകള്‍ പരിശോധിക്കുകയാണ് ചെന്നൈ കോര്‍പ്പറേഷൻ. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം പശുക്കള്‍ അലഞ്ഞ് നടന്നതിന് ഉടമകളില്‍ നിന്ന് 51 ലക്ഷം രൂപയോളമാണ് പിഴയായി വാങ്ങിയതെന്നും ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ജെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

36 സ്ക്വയര്‍ ഫീറ്റ് സ്ഥലം പശുക്കളെ സൂക്ഷിക്കാനായി ഉടമകള്‍ക്ക് വേണമെന്ന് ചട്ടമിരിക്കെയാണ് ഉടമകള്‍ പശുക്കളെ തെരുവില്‍ അലയാന്‍ അനുവദിക്കുന്നത്. ഇത്തരത്തിലുള്ള ഉടമകളില്‍ നിന്ന് പശുക്കളെ പിടിച്ചെടുക്കുന്നതടക്കം നിയമ നടപടികള്‍ ശക്തമാക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. അലഞ്ഞ് തിരിയുന്ന കാലികളെ പിടികൂടാനായി 15 വാഹനങ്ങളാണ് നഗര പരിധിയില്‍ ഉള്ളത്. ഓരോ സോണിനും ഒരു വാഹനം എന്ന നിലയിലാണ് ഇത്. എല്ലാമാസവും ചുരുങ്ങിയത് 500 കാലികളെയാണ് ഇത്തരത്തില്‍ തെരുവുകളില്‍ നിന്ന് പിടികൂടുന്നത്.

എന്നാല്‍ പിടികൂടിയ കാലികളെ ഉടമകള്‍ പിഴ അടച്ച് തിരിച്ച് വാങ്ങിയ ശേഷം വീണ്ടും തെരുവുകളിലേക്ക് വിടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ വിശദമാക്കുന്നത്. നിലവില്‍ പിഴയും രണ്ട് ദിവസത്തേയ്ക്ക് പശുവിനുള്ള ഭക്ഷണ ചെലവും അടക്കം അടച്ചാണ് ഉടമകള്‍ പശുക്കളെ കോര്‍പ്പറേഷന്‍റെ പൌണ്ടുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് കൊണ്ടുപോവുന്നത്. ചെന്നൈ എംഎംഡിഎ കോളനിയില്‍ സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്കു നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ നേരെ എതിർവശത്തുണ്ടായിരുന്നു പശു പെട്ടന്ന് ആക്രമിക്കുകയായിരുന്നു. പശു കുട്ടിയെ കൊമ്പിൽ തൂക്കിയെറിഞ്ഞു. നിലത്തു വീണ കുട്ടിയെ തുടർച്ചയായി ചവിട്ടി. അമ്മയും അടുത്തുണ്ടായിരുന്ന ആളുകളും പശുവിനെ കല്ലെറിഞ്ഞ് മാറ്റാൻ ശ്രമിച്ചെങ്കിലും പശു ആക്രമണം തുടരുകയായിരുന്നു. പശുവിന് നേരെ കൂടുതൽ കല്ലെറിഞ്ഞതോടെയാണ് പശു ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം