Asianet News MalayalamAsianet News Malayalam

തൂത്തുക്കുടി കസ്റ്റഡി മരണം: നാല് പൊലീസുകാർ കൂടി അറസ്റ്റിൽ, പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനം

കേസിൽ ക്രെബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു. 

more cops arrested in thoothukudi custody death
Author
Thoothukudi, First Published Jul 2, 2020, 9:21 AM IST

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാർ കൂടി അറസ്റ്റിൽ. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്.പൊലീസുകാരുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു. 

കേസിൽ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ കോൺസ്റ്റബിളിന്‍റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. 

'ക്രൂരമര്‍ദ്ദനം'; തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി

ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios