ചെന്നൈ: തമിഴ്‍നാട്ടില്‍ പുതിയതായി 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 411 ആയി ഉയര്‍ന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 

നേരത്തെ കൊവിഡ് സ്ഥിരീകരിച്ച 309 പേരിൽ 294 ലും തബ്ലീഗ് സമ്മേനത്തിൽ  പങ്കെടുത്തവരാണെന്ന് സ്ഥിരീകരിച്ചിരുന്നു. 1103 പേരെ ഐസൊലേഷനിലാക്കിയെങ്കിലും ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക വലിയ പ്രയാസമുള്ള കാര്യമാണ്. ഇന്തോനേഷ്യന്‍ തായ്‍ലന്‍ഡ് സ്വദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നടത്തിയ പ്രാർഥനാ ചടങ്ങിൽ നൂറ് കണക്കിന് പ്രദേശവാസികളാണ് പങ്കെടുത്തത്. പള്ളി ഇമാമ്മുമായി ബന്ധപ്പെട്ട് വിവരം ശേഖരിക്കുകയാണ് പൊലീസ്.  

മാർച്ച് 15ന് നിസാമുദ്ദീനില്‍ നിന്നെത്തിയ തായലൻഡ് സ്വദേശിക്ക് കൊവിഡ് ലക്ഷണം ഉണ്ടായിരുന്നു. മാർച്ച് 18 ന് അഫ്ഗാൻ, കാസാക്കിസ്ഥാൻ സ്വദേശികൾക്കും രോഗലക്ഷണം ഉണ്ടായി. 21 ന് ഇന്തോനേഷ്യൻ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് സമ്പർക്ക പട്ടിക പോലും സർക്കാർ പരസ്യപ്പെടുത്തിയില്ല. കൃത്യമായ റൂട്ട് മാപ്പ് പുറത്ത് വിടാൻ ശ്രമിച്ചിരുന്നെങ്കിൽ നിസാമുദീനിൽ നിന്നെത്തിയവരുമായി സമ്പർക്കമുള്ളവരെ നേരത്തെ തിരിച്ചറിയാമായിരുന്നു. 

ഇതിന് ശേഷം പ്രദേശിക സമ്മേളനങ്ങൾ വിലക്കാൻ കഴിയുമായിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല. ഇതിനിടെ ചെന്നൈ ഫീനിക്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാർച്ച് 10 മുതൽ 17 വരെ മാർ സന്ദർശിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് സർക്കാർ നിർദേശിച്ചു.