45 ഐടിബിപി ജവാന്മാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കരസേന ആശുപത്രിയിലെ 24 പേർക്കും രോ​ഗം കണ്ടെത്തി.

ദില്ലി: ദില്ലിയിൽ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 ഐടിബിപി ജവാന്മാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കരസേന ആശുപത്രിയിലെ 24 പേർക്കും രോ​ഗം കണ്ടെത്തി. ഇതോടെ രോ​ഗബാധിതരായ സിആർപിഎഫ് ജവാന്മാരുടെ എണ്ണം 135 ആയി. 

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനം ദിവസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. 

ദില്ലിയിലെ മയൂർവിഹാർ ഫേസ് 3-യിൽ ഉള്ള സിആർപിഎഫിന്‍റെ 31-ാം ബറ്റാലിയനിൽ നൂറിലധികം ജവാൻമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ടത്തോടെ ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ ക്യാമ്പ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്.