Asianet News MalayalamAsianet News Malayalam

Parliament : എംപിമാരുടെ സസ്പെൻഷനിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും; സസ്പെൻഡ് ചെയ്യപ്പെട്ടവർ ധർണ ഇരിക്കും

പ്രതിപക്ഷവുമായി ചർച്ചയാവാം എന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്

more protest will be there in parliament today  in connection with suspension of mps
Author
Delhi, First Published Dec 1, 2021, 6:56 AM IST

ദില്ലി: പന്ത്രണ്ട് എംപിമാരുടെ സസ്പെൻഷൻ(mps suspension) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ്(parliament) പ്രക്ഷുബ്ധമാകും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അദ്ധ്യക്ഷന് കത്തു നല്കി. സസ്പെൻഷനിലായ എംപിമാർ ഇന്നു മുതൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ തുടങ്ങും.. പ്രതിപക്ഷവുമായി ചർച്ചയാവാം എന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറഞ്ഞുള്ള ഒത്തുതീർപ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്

എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്പെൻഷൻ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്പെൻഷൻ പിൻവലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടിൽ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്. 

വെങ്കയ്യ നായിഡുവിൻറെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു. തുടർന്ന് അവർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമ്മേളനം ബഹിഷ്ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സർക്കാരിൻറെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും. മല്ലികാർജ്ജുൻ ഖർഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് തൃണമൂൽ കോൺഗ്രസ് എത്തിതിരുന്നത് ശ്രദ്ധേയമായി. എന്നാൽ തൃണമൂൽ കോൺഗ്രസും ഇന്നലെ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. 

എളമരം കരീമിൻ്റെ വാക്കുകൾ - 
രാജ്യസഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. പാർലമെൻറിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയാണ് സർക്കാർ തുടരുന്നത്.  സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയുണ്ടായാൽ പ്രവിലേജ് കമ്മറ്റിക്കാണ് വിടേണ്ടത്. സസ്പെൻഷനിൽ പ്രതിഷേധിച്ച്  നാളെ രാവിലെ പത്തു മണി മുതൽ സസ്പെൻഷനിലായ എം പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ ഇരിക്കും. തൃണമൂൽ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേരും. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല ,പിന്നെ എന്തിനാണ് മാപ്പ് ചോദിക്കുന്നത്? സഭാ അധ്യക്ഷന് നൽകിയ പരാതികൾ പോലും ഇതുവരെ പരിഗണിച്ചില്ല. തന്നെ മർദ്ദിച്ച മാർഷൽമാർക്കെതിരെ നടപടി എടുത്തില്ല. പ്രധാനമന്ത്രി പറയുന്നതല്ല പ്രവർത്തിക്കുന്നത്. 

ജോൺ ബ്രിട്ടാസിൻ്റെ വാക്കുകൾ - 
ആഗസ്റ്റ് 11-ലെ ബുള്ളറ്റിനിൽ പ്രതിഷേധിച്ചവരുടെ പേരുകൾ ഉണ്ട്. എന്നാൽ അതിൽ എളമരം കരീമിന്റെ പേരില്ല. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ എളമരം കരീമുണ്ട്. എങ്ങനെയാണ് കരീമിനെതിരെ അവ‍ർ നടപടിയെടുത്തത്. 

ബിനോയ് വിശ്വത്തിൻ്റെ വാക്കുകൾ - 
വൈരാഗ്യബുദ്ധിയോടെയാണ് പ്രതിപക്ഷ അം​ഗങ്ങളോട് പെരുമാറുന്നത്. മാപ്പ് പറയാൻ ഞങ്ങൾ  സവർക്കർ അല്ല. ഏകപക്ഷീയമായ നടപടികളെ
പ്രതിപക്ഷം നിയമപരമായി നേരിടും.കോടതിയെ സമീപിക്കാൻ കഴിയുമോയെന്ന് ആലോചിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios