Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ റെയ്‍ഡുകൾ: ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്രം, കൂടുതൽ സൈനിക വിന്യാസത്തിന് വിശദീകരണം

അർധസൈനികരുടെ 100 ട്രൂപ്പുകൾ, അതായത്, 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതിന്‍റെ മുന്നോടിയായാണ് സൈനിക വിന്യാസമെന്നാണ് ആരോപണം. 

more raids in jammu kashmir centre says threat on terror attacks
Author
Jammu and Kashmir, First Published Jul 28, 2019, 3:49 PM IST

ദില്ലി: ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ  വിന്യസിപ്പിക്കാന്‍ തീരുമാനിച്ചത് ഭീകരാക്രമണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളയുന്നതിന് മുന്നോടിയായാണ് സൈനിക വിന്യാസമെന്ന് വിമര്‍ശനം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്‍റെ  വിശദീകരണം. അർധസൈനികരുടെ 100 ട്രൂപ്പുകൾ, അതായത്, 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച്  നാൽപതിനായിരം സൈനികരെ ഒരുമാസം മുമ്പ് വിന്യസിച്ചിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞാൽ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ. ഭരണഘടനാ ചട്ടം 370, 35 എ എന്നിവയനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവികൾ നൽകാൻ സ്വാതന്ത്ര്യാനന്തരം സർക്കാർ തീരുമാനിക്കുകയായിരുന്നു. എൻഡിഎ സർക്കാരിന്‍റെ കശ്മീർ നയത്തിൽ ''വലിയ മാറ്റങ്ങൾ'' വരാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് വരുന്നത്. 

പക്ഷേ ഉടനടി മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. അമർനാഥ് തീർത്ഥയാത്ര നടക്കുന്നതിനാൽ ആഗസ്ത് 15-ന് ശേഷമേ പ്രഖ്യാപനം വരാൻ സാധ്യതയുള്ളൂ. ഭരണസംവിധാനത്തിലെ മാറ്റങ്ങളെന്ന നിലയിലാകും നയം മാറ്റം വരുത്തുകയെങ്കിലും വർഷങ്ങളായി ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പാകുന്നത്. ജമ്മു കശ്മീരിൽ ബിജെപിയുടെ ആധിപത്യം കൂട്ടാനും വിഘടനവാദി സംഘ‍ടനകളുടെ നട്ടെല്ലൊടിക്കാനും ഇതിലൂടെ കഴിയും. 

അര്‍ധ സൈനിക വിന്യാസത്തിന് പിന്നാലെ ബാരാമുള്ളയിലെ നാലിടങ്ങളില്‍ എന്‍ഐഎ റെയ്‍ഡും നടന്നു.  തീവ്രവാദികള്‍ക്ക് അതിർത്തിയ്ക്ക് അപ്പുറത്ത് നിന്ന് സഹായം നല്‍കിയെന്ന് സംശയിക്കുന്നരുടെ വീടുകളിലായിരുന്നു പരിശോധന. അതി‍ർത്തി കടന്ന് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ട് നൽകുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധനയെന്നാണ് എൻഐഎ വിശദീകരണം. 

എന്നാൽ കേന്ദ്രനീക്കത്തിന്‍റെ സൂചനകൾ പുറത്തു വരുമ്പോൾത്തന്നെ ജമ്മു കശ്മീരിലെ നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

Follow Us:
Download App:
  • android
  • ios