ദില്ലി: മലേഷ്യയ്ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യ. കശ്മീര്‍, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നത്. പാമോയില്‍ ഇറക്കുമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. കശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

കൂടാതെ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ  അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ എന്തെങ്കിലും തെറ്റുകള്‍ ചെയ്‍താല്‍ ചൂണ്ടിക്കാട്ടേണ്ടത് മലേഷ്യയുടെ ആവശ്യമാണ്, ഇല്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മലേഷ്യ  ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.