കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നു. ദില്ലിയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയ നേതൃത്വം, ഡിസംബർ പകുതിയോടെ വീണ്ടും യോഗം ചേരുമെന്ന് അറിയിച്ചു.
ദില്ലി: കർണാടകയിൽ അധികാര തർക്കം തുടരുന്നതിനിടെ, പ്രശ്നം പരിഹരിക്കാൻ സോണിയാ ഗാന്ധി നേരിട്ടിറങ്ങി. ശനിയാഴ്ച മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ എന്നിവരും പങ്കെടുത്തു. ഡിസംബർ 14നോ 15 നോ നേതൃത്വം വീണ്ടും യോഗം ചേരും. ഡിസംബർ 14 ദില്ലിയിലെ രാംലീല മൈതാനത്ത് നടക്കുന്ന 'വോട്ട് മോഷണ'ത്തിനെതിരെയുള്ള കോൺഗ്രസ് മെഗാ റാലിക്ക് ശേഷം നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത യോഗം വരെ സർക്കാരിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഉൾപ്പെടെയുള്ളവർ ചർച്ചകളിൽ പങ്കെടുക്കുമെന്ന് പാർട്ടി നേതാവ് പറഞ്ഞു.
യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വേണുഗോപാൽ, കർണാടക വിഷയം യോഗത്തിൽ ചർച്ച ചെയ്തതായി പറഞ്ഞു. കർണാടക ഉൾപ്പെടെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പൊതുവായ ഒരു ചർച്ച നടന്നു. കർണാടകയെക്കുറിച്ച് മറ്റൊരു ചർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച ആദ്യം മംഗളൂരുവിൽ സിദ്ധരാമയ്യയുമായി വേണുഗോപാൽ നടത്തിയ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്. അടുത്ത ദിവസങ്ങളിൽ, സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ചർച്ചകൾ നടത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്താന്‍ വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് പ്രഭാതഭക്ഷണത്തിന് ശേഷം നടന്ന കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്.
