ബെംഗളൂരു:  ബെംഗളൂരു പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ കഴിയുന്ന രണ്ടായിരത്തിലധികം പേർക്ക് വിവിധ മാനസിക പ്രശ്നങ്ങളുള്ളതായി കര്‍ണാടക സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജയിലിൽ കഴിയുന്ന 4916 പേരിൽ 2023 പേർക്ക് മാനസികാസ്വാസ്ഥ്യങ്ങളും  സ്വഭാവ വൈകല്യങ്ങളുമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 83 പേർ ഗുരുതരമായ മാനസിക വൈകല്യങ്ങൾ ഉള്ളവരാണ്.

ജയിലിൽ കഴിയുന്ന പകുതിയിലധികം പേർ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക തലവനായുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജയിൽ മെഡിക്കർ ഓഫീസറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജയിലിൽ കഴിയുന്ന 928 തടവുകാർ പുകയില ഉപയോഗത്തിനും 362 പേർ കഞ്ചാവിനും 236 പേർ മദ്യത്തിനും അടിമപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.