പാട്ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍. വീടുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരിച്ച കുട്ടികളുടെ കണക്കുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് 21 കുട്ടികള്‍ മരിച്ച കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോക്ടര്‍ രാജീവകുമാറിനെ കാണാൻ ഏഷ്യാനെറ്റ് ന്യൂസ് വാർത്താസംഘം എത്തിയപ്പോഴാണ് പത്തുമാസം പ്രായമുള്ള കുട്ടിയെയും കൊണ്ട് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയത്. 

കുട്ടിക്ക് വേണ്ടത്ര  പോഷകാഹാരം കിട്ടിയിരുന്നില്ല.  ഇനിയും ശരിയായി ഭക്ഷണം കിട്ടിയില്ലെങ്കില്‍ അസുഖം മസ്തിഷ്ക ജ്വരമായി മാറുമെന്ന അവസ്ഥയിലായിരുന്നു കുട്ടി. ഇതു തന്നെയാണ്  മുസാഫര്‍പൂരില്‍ പല കുട്ടികൾക്കും സംഭവിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. 

മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 119 കുട്ടികളും കെജ്രിവാള്‍ ആശുപത്രിയില്‍ 21 കുട്ടികളുമായി ആകെ 440 കുട്ടിള്‍ മരിച്ചെന്നാണ് ബിഹാര്‍ സര്‍ക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്ക്. 

"ആശുപത്രിയിൽ എത്തി മരിച്ചവരുടെ കണക്ക് മാത്രമാണ് ഇവിടെയുള്ളത്. വീടുകളിൽ സംഭവിക്കുന്ന മരണങ്ങളുടെ കണക്ക് ലഭ്യമല്ല" കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. രാജീവ കുമാര്‍ പറയുന്നു.

കണക്കുകളിലെവിടെയും പെടാതെ ഇതിലുമേറെ കുട്ടികൾ ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരിക്കാമെന്നതിന്‍റെ സൂചനയാണ് ഡോ. രാജീവ കുമാറിന്‍റെ വാക്കുകൾ നൽകുന്നത്.