സംഭവത്തിന്റെ തുടക്കം മെയ് എട്ടിന് രാത്രിയിൽ കേട്ട  ഒരു നിലവിളിയിലൂടെയാണ്. കുളിക്കുന്നതിനിടെ ദർബംഗാ സ്വദേശിയായ വിനയ് ഝായുടെ കാലിനടുത്തുകൂടി തണുപ്പുള്ള എന്തോ ഒന്ന് ഇഴഞ്ഞു പോകുന്നതായി തോന്നി. കുനിഞ്ഞ് താഴേക്ക് നോക്കിയപ്പോൾ നല്ല ഒന്നാന്തരം ഒരു കരിമൂർഖൻ. അയാൾ നിലവിളിച്ചുകൊണ്ട് ടോയ്‌ലെറ്റിൽ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അകത്ത് കണ്ടതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു. കട്ടിലിന്റെ ചുവട്ടിൽ, ഹാളിൽ, അടുക്കളയിൽ, ടിവി സ്റ്റാൻഡിന്റെ മുകളിൽ, സോഫയിൽ നോക്കുന്നിടത്തൊക്കെ കുഞ്ഞുകുഞ്ഞു കരിമൂർഖന്റെ കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നു. പിടക്കുന്ന ഹൃദയത്തോടെ ഝാ വീട്ടിൽ നിന്ന് ഇറങ്ങിയോടി. അയൽവാസികൾ അയാളോട് ഏതെങ്കിലും പാമ്പാട്ടിയുടെ സഹായം തേടാൻ പറഞ്ഞു. വീട്ടിലെത്തിയ പാമ്പാട്ടി ഒറ്റയടിക്ക് പിടികൂടിയത് 34 പാമ്പിൻ കുഞ്ഞുങ്ങളെ ആയിരുന്നു എന്ന് ഹിന്ദി പത്രമായ ആജ്തക് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

 

 

 

ദർബംഗയിലെ ലാൽബാഗ് പ്രദേശത്താണ് സംഭവം. മേല്പറഞ്ഞത് നാട്ടുകാർ ഈ സംഭവത്തെപ്പറ്റി പറഞ്ഞതാണ്. വിവരമറിഞ്ഞ് അവരിൽ പലരും അന്നവിടെ  തടിച്ചു കൂടിയിരുന്നു. അയൽവാസികളിൽ ചിലർ പറഞ്ഞത് ഇങ്ങനെ,"വിനയ് ഝായുടെ വീടിന്റെ മുന്നിൽ കുറെ ടൈൽസിന്റെ കഷ്ണങ്ങൾ കൂട്ടിയിട്ടിരുന്നു. അതിൽ ഒരു മൂർഖനെ കണ്ടവരുണ്ട്. ഈ മൂർഖൻ കുഞ്ഞുണ്ടാകാൻ നേരത്ത് അയാളുടെ വീടിന്റെ ടോയ്‌ലെറ്റിൽ പോയി ഇരുന്നതാകും. അതിന്റെ മക്കളാകും പാമ്പാട്ടി പിടിച്ചത്. "

സംഭവത്തെപ്പറ്റി വിനയ് ഝായുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ " കുറെ ദിവസമായി എന്റെ വീട്ടിൽ മൂർഖൻ കുഞ്ഞുങ്ങളെ കാണുന്നു. അവ അവയുടെ പാട്ടിനു നടക്കുന്നു. ഞാൻ എന്റെയും. മിനിഞ്ഞാന്ന് കുളിക്കുമ്പോൾ എന്റെ കാലിൽ ചുറ്റി ഒരെണ്ണം. ഞാൻ സർപ്പങ്ങളെ ഉപദ്രവിക്കാറില്ലെന്ന് അവ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ഞാൻ സ്ഥിരം കുളിക്കുന്നിടം അവർ കയ്യടക്കിയതോടെ, ഞാൻ എന്റെ കുളിമുറി അവിടെന്നു മാറ്റി. അവരുടെ ഈറ്റില്ലത്തിൽ എന്നെപ്പോലെ ഒരാൾ എങ്ങനെ നുഴഞ്ഞു കയറി എന്നാവും അവരുടെ ചിന്ത. എന്നാൽ, അവർ ജനിച്ചു വീഴുന്നതിനും നാൽപതു വർഷം മുമ്പ് ഞാൻ അവിടെ ജനിച്ചു വളർന്നവനാണ് എന്ന് ആ പാവങ്ങൾക്ക് അറിയില്ലല്ലോ. 

 

 

അവർ കരുതുന്നത് ജനിച്ചിടം അവരുടെ സ്വന്തമാണ് എന്നാവും. അവിടെ അവർക്കു മാത്രമേ അധികാരമുള്ളൂ എന്നും.  ഇനി ആ ബാത്ത്റൂമിന്മേൽ എനിക്കോ അവർക്കോ അവകാശം എന്നറിയാൻ ഒരു ടൈറ്റിൽ സ്യൂട്ട് തന്നെ കൊടുക്കേണ്ടി വരും. ഞാൻ ജനിച്ചത് ആശുപത്രിയിൽ ആണെങ്കിൽ ആശുപത്രി എന്റെ സ്വന്തമാക്കുമോ? ഇല്ലല്ലോ.? അതെങ്ങനെ ഈ പാവങ്ങളെ ഞാൻ പറഞ്ഞു മനസ്സിലാക്കും? പലരും എന്നോട് പറഞ്ഞു, പാമ്പിൻ കുഞ്ഞുങ്ങൾ അപകടമാണ്, അവയെ പുറത്താക്കണം എന്ന്. വെള്ളമൊഴിച്ച് എല്ലാറ്റിനെയും പുറത്ത് ചാടിച്ചു, ഒടുവിൽ, എന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളിൽ ആരോ തന്നെയാണ് പാമ്പാട്ടിയെ വിളിച്ചത്. അയാളാണ് ഇവിടെ നിന്ന് അമ്പതിലധികം പാമ്പിൻ കുഞ്ഞുങ്ങളെ പിടിക്കുകയുണ്ടായി

 

 

 . 35 വർഷമായി പാമ്പുകളുടെ ദർശനം ഉണ്ടായിട്ടില്ല, ഇടക്ക് ഒരിക്കലെന്നോ ഒന്ന് വന്നുപോയതൊഴിച്ചാൽ. ഞാൻ തനിച്ചു താമസിക്കുന്ന ഒരു സന്യാസിയാണ്. ഞാൻ ഇന്നോളം ഒരു സർപ്പത്തെയും ഉപദ്രവിച്ചിട്ടില്ല,  എന്നും സർപ്പങ്ങളെ സംരക്ഷിക്കുന്നവൻ തന്നെയായിരുന്നു ഞാൻ.  പാമ്പുകളെ കണ്ടു ഞാൻ ഭയന്ന് എന്നൊക്കെ ആരൊക്കെയോ പറഞ്ഞു നടക്കുന്നുണ്ട്. അത് ശരിയല്ല. "
 
 തനിക്ക് പാമ്പിനെ ഭയമില്ലെന്നും നിലത്തുകൂടി പാമ്പുകൾ ഇഴഞ്ഞു നടക്കുമ്പോഴും താൻ ഫേസ്‌ബുക്കിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട് എന്നും വിനയ് ഝാ പറയുന്നുണ്ട്. താൻ വീടൊഴിഞ്ഞു പോകാൻ വേണ്ടി പ്രദേശവാസികളായ തത്പരകക്ഷികളിൽ ചിലർ ചേർന്ന് മനഃപൂർവം വീട്ടിൽ കൊണ്ടിട്ടതാണ് ഇത്രയധികം പാമ്പുകളെ എന്ന സംശയവും വിനയ് ഝാ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു സന്യാസിയായ വിനയ് ഝാ തന്റെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളുടെ പേരിലും സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്.