മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം 4200 ആയി. കൊവിഡ് ബാധിച്ച് ഇന്ന് 12പേരാണ് മരിച്ചത്. ഇതിൽ ആറുമരണങ്ങളും മുംബൈയിലാണ്. ഇതുവരെ 507പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

അതിനിടെ മുംബൈയിൽ മലയാളി നഴ്‍സുമാര്‍ക്കിടയില്‍ കൊവിഡ് രോഗം പടരുകയാണ്. മുംബൈ കോകിലെബെൻ ധീരുഭായ് അമ്പാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പൂനെയിലെ ആശുപത്രിയിൽ 15 നഴ്സുമാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

രോഗ വ്യാപനത്തിന്‍റെ അടിസ്ഥാനിൽ റെഡ്, ഒറഞ്ച്, ഗ്രീൻ എന്നിങ്ങനെ ജില്ലകളെ സോണുകളാക്കി തിരിച്ചു. ഓറഞ്ച്, ഗ്രീൻ സോണുകളിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുനമതി നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.