പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. 

ദില്ലി: ലോക്ക് ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. 

പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. തമിഴ്നാട്ടിൽ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളിൽ കൂടുതല്‍ ഇളവ് ഏർപ്പെടുത്തി. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ൻമെന്‍റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താം. 

ഷോറൂമുകളും വലിയ കടകളും തുറക്കാം. ഹോട്ടലുകളില്‍ ജൂണ്‍ 8 മുതല്‍ ഭക്ഷണം വിളമ്പാം. എന്നാല്‍ ആരാധനാലയങ്ങള്‍, മാള്‍, ജിംനേഷ്യം എന്നിവ തുറക്കില്ല. അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. പക്ഷേ, ചെന്നൈ ഉള്‍പ്പടെ റെഡ്സോണ്‍ മേഖലയിലും കൂടുതല്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമോ എന്നാണ് തമിഴ്നാട്ടിൽ ഇപ്പോഴുയരുന്ന ആശങ്ക. ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും. ബീഹാറും തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. 

മഹാരാഷ്ട്രയിലാണ് കൊവിഡ് രോ​ഗികൾ ഏറ്റവും കൂടുതലുള്ളത്. ഇന്നലെ 2940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോ​ഗം ബാധിച്ചവരുടെ എണ്ണം 65,168 ആയി. ഇന്നലെ മാത്രം 99 രോ​ഗബാധിതരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 2197 ആയി. 
നാളെ മുതൽ അൺലോക്ക് ഘട്ടം ആരംഭിക്കുമെങ്കിലും മുംബൈ, പുനെ ഉൾപ്പടെയുള്ള ഇടങ്ങളിലൊന്നും ഇളവുകൾ നിലവിൽ വരില്ലെന്നാണ് സൂചന. 3169 കണ്ടെയിൻമെന്റ് സോണുകലാണ് മഹാരാഷ്ട്രയിലുള്ളത്. ഇതിൽ 684 എണ്ണവും മുംബൈയിലാണ്.

ദില്ലിയിൽ ഇന്നലെ ,തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിന് ഇടയിൽ 1163 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 18,549 ആയി. ഇവിടെ ആകെ മരണം 416 ആയി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കി. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ദില്ലി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ശമ്പളം കൊടുക്കാന്‍ പണമില്ല; കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് കെജ്രിവാള്‍ സര്‍ക്കാര്‍...

ആദ്യഘട്ട ലോക്ക് ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 25 ന് രാജ്യത്തുണ്ടായിരുന്നത് 576 കൊവി‍ഡ് രോഗികളാണ്. 68 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായത് മുന്നൂറ് ഇരട്ടിയലധികം വര്‍ധന. രോഗബാധ സംബന്ധിച്ച് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാമതുള്ള ഇന്ത്യക്ക് തൊട്ട് മുന്‍പിലുള്ള ജര്‍മ്മനിയുമായി 1151 കേസുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇന്ത്യയിലെ പ്രതിദിന നിരക്ക് എണ്ണായിരത്തിലധികമാകുമ്പോള്‍ ജര്‍മ്മനിയില്‍ ആയിരത്തില്‍ താഴെ കേസുകല്‍ മാത്രമേ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മരണ നിരക്കിലും വലിയ വര്‍ധയാണ് ഉണ്ടായത്. ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25ന് മരണസംഖ്യ പതിനൊന്നെങ്കില്‍ നാലാംഘട്ടം അവസാനിക്കുമ്പോള്‍ 5164 പേര്‍ മരിച്ചു. കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നോയെന്ന് ഉറപ്പിക്കാനാണ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരിലും എലിസ ആന്‍റിബോഡി പരിശോധന നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നത്. ജനസാന്ദ്രത കൂടിയ നഗരങ്ങളില്‍ ആദ്യഘട്ട പരിശോധന നടത്താനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ഏപ്രില്‍ മുപ്പത് വരെയുള്ള കണക്കനുസരിച്ച് രോഗബാധിതരില്‍ 28 ശതമാനത്തിന് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: അൺലോക്ക് വൺ: ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം നാളെ, പാസ്സിൽ ഇളവില്ലെന്ന് തമിഴ്നാട്...