ലഖ്നൗ: രണ്ടിലധികം കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത തരത്തിൽ പുതിയ ജനസംഖ്യാനയം ഏർപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യാ ടുഡേ ടിവിയോട് പ്രതികരിക്കുമ്പോഴാണ് സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിം​ഗ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

"സംസ്ഥാനത്തെ ജനസംഖ്യ 20 കോടി കടന്നിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചില എം‌എൽ‌എമാർ ഈ വിഷയം ഉന്നയിച്ചിരിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തെ ജനസംഖ്യാ വർധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു,"ജയ് പ്രതാപ് സിം​ഗ് പറഞ്ഞു.

"രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകാതിരിക്കാനും ഇവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിരോധിക്കാനും ചിലയിടങ്ങളിൽ വ്യവസ്ഥയുണ്ട്. ഞങ്ങൾ അത് പരിശോധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യാ നയവും ഞങ്ങൾ പഠിക്കുന്നുണ്ട്,"ജയ് പ്രതാപ് സിം​ഗ് കൂട്ടിച്ചേർത്തു. 

ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്ന നിയമമാകും തങ്ങൾ നിർദ്ദേശിക്കുകയെന്നും ഇതിന് സമയമെടുക്കുമെങ്കിലും പുതിയ ജനസംഖ്യാനയം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും ജയ് പ്രതാപ് സിം​ഗ് വ്യക്തമാക്കി.