ലണ്ടൻ: രക്താർബുദ ബാധിതയായ എട്ടുവയസ്സുകാരി മകൾക്ക് ഓൺലൈൻ ബർത്ത് ‍ഡേ പാർട്ടി ഒരുക്കി അമ്മ. കൊറോണ ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകളാണ് വീടുകൾക്കുള്ളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. പല രാജ്യങ്ങളിലും ബിസിനസ് എല്ലാം നിർത്തി വച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. മിക്കവരും ബർത്ത്ഡേ പോലെയുള്ള ആഘോഷങ്ങളും പാർട്ടികളും വീടിനുള്ളിൽ വച്ചാണ് ആഘോഷിക്കുന്നത്. മിയാ ബ്ലൂ എന്ന എട്ടുവയസ്സുകാരിയുടെ ബർത്ത്ഡേ വ്യത്യസ്തമായി ആഘോഷിക്കാനായിരുന്നു അവളുടെ അമ്മയുടെ തീരുമാനം.

2019 ലാണ് മിയയ്ക്ക് രക്താർബുദമാണെന്ന് കണ്ടെത്തുന്നത്. കൊവിഡ് രോ​ഗ ബാധയെ തുടർന്ന് മിയയോടും 12 ആഴ്ചത്തെ ഐസോലേഷനിൽ കഴിയാൻ ആരോ​ഗ്യപ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. എന്നാൽ മിയയ്ക്ക് വേണ്ടി അവളുടെ അമ്മ ഒരു സ്പെഷൽ ബർത്ത്ഡേ പാർട്ടിയാണ് ഒരുക്കി വച്ചിരുന്നത്. ഓൺലൈനിലാണ് മിയയുടെ അമ്മ ബർത്ത് ഡേ പാർട്ടി സംഘടിപ്പിച്ചത്. കൂടാതെ ഒരു സ്പെഷൽ മാജിക് ഷോയും മിയയ്ക്ക് വേണ്ടി ഓൺലൈനിൽ നടത്തി. സുഹൃത്തുക്കളും ബന്ധുക്കളും ഓൺലൈനിലെത്തിയാണ് മിയയ്ക്ക് ആശംസകൾ അറിയിച്ചത്. അമ്മ ടാനിയ, സഹോദരി സാമിയ എന്നിവർക്കൊപ്പമാണ് മിയ ബർത്ത് ഡേ പാർട്ടി ആഘോഷമാക്കിയത്. സോഷ്യൽ മീഡിയ കൈയടികളോടെയാണ് മിയയുടെ ബർത്ത് ഡേയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.